ജനുവരി 15 മുതൽ ലാന്റ് ലൈൻ ഫോണുകളിൽ നിന്നും മൊബൈൽ നമ്പറുകളിലേക്ക് വിളിക്കാൻ പൂജ്യം ഡയൽ ചെയ്യേണ്ടി വരും. ബുധനാഴ്ച വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഭാവിയിൽ ഫോൺനമ്പറുകൾ അനുവദിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഈ നടപടി. ലാന്റ് ലൈൻ നമ്പറുകളിൽ നിന്നും മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ പൂജ്യം ചേർക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിർദേശം അംഗീകരിച്ചുകൊണ്ടുള്ള സർക്കുലർ ട്രായ് നേരത്തെ വെബ്സൈറ്റിൽ നൽകിയിരുന്നു.
മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ജനുവരി 15 മുതൽ ലാന്റ്ഫോണുകളിൽ നിന്നും മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ തുടക്കത്തിൽ '0' ചേർക്കണം. എന്നാൽ ലാന്റ് ലൈനിൽ നിന്നും ലാന്റ് ലൈനിലേക്ക് വിളിക്കുന്ന രീതിയിൽ മാറ്റമില്ല.
ലാന്റ് ലൈനിൽ നിന്നും പൂജ്യം ചേർക്കാതെ മൊബൈലിലേക്ക് വിളിക്കുമ്പോൾ അത് സംബന്ധിച്ച ഒരു അറിയിപ്പ് കേൾപ്പിക്കും. പൂജ്യം ഇല്ലാതെ മൊബൈൽ നമ്പർ ഡയൽ ചെയ്യുമ്പോഴെല്ലാം ലാന്റ് ലൈൻ ഉപയോക്താക്കൾ ഈ അറിയിപ്പ് കേൾക്കും.
ഇതുവഴി 253.9 കോടി നമ്പറിങ് സീരീസ് സൃഷ്ടിക്കാൻ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതുവഴി ഭാവിയിൽ ഉപയോഗിക്കുന്നതിനായുള്ള നമ്പർ സ്രോതസുകൾ ലഭിക്കും. ഇത് ഫോൺനമ്പറിലെ അക്കങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിച്ചല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇങ്ങനെ സൃഷ്ടിക്കുന്ന നമ്പറുകളെ ഭാവിയിൽ കൂടുതൽ കണക്ഷനുകൾക്ക് വേണ്ടി പ്രയോജനപ്പെടുത്താനാവും. മൊബൈൽ ഉപയോക്താക്കൾക്കാണ് ഇത് ഗുണം ചെയ്യുക. ഉപയോക്താക്കൾക്ക് പരമാവധി അസൗകര്യം സൃഷ്ടിക്കാതെയായിരിക്കും മാറ്റങ്ങൾ നടപ്പാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights:Landline users must dial zero before a mobile number from January 15