റിലയന്‍സ് ജിയോഫോണിന്റെ പുതിയ പതിപ്പ് ജിയോഫോണ്‍ 2 ഓഗസ്റ്റ് 15 മുതല്‍ വിപണിയിലെത്തും. ക്യുവേര്‍ട്ടി കീബോര്‍ഡ്, വാട്‌സ്ആപ്പ് തുടങ്ങിയ പുതിയ സൗകര്യങ്ങളോടെയാണ് ജിയോഫോണ്‍ 2 വിപണിയിലെത്തുന്നത്. 2,999 രൂപയാണ് ഇതിന്റെ വില. 

കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാങ്ങുന്നതിനും ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. ഇത്തവണ ഓഗസ്റ്റ് 15 ന് തന്നെ ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ടാവും.

രജിസ്‌ട്രേഷന്‍ എങ്ങനെ?

ഓഗസ്റ്റ് 15 നാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൈജിയോ ആപ്പ് വഴിയും ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്. സൈറ്റ് അല്ലെങ്കില്‍ ആപ്പ് തുറന്ന് ജിയോഫോണ്‍ 2 രജിസ്‌ട്രേഷന്‍ പേജ് ക്ലിക്ക് ചെയ്യുക. ശേഷം ഗെറ്റ് നൗ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം, നിങ്ങളുടെ പേര്, മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ നല്‍കണം. 

കാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ലഭ്യമാവില്ല. നെറ്റ് ബാങ്കിങ് വഴിയോ കാര്‍ഡുകള്‍ വഴിയോ മുഴുവന്‍ തുകയും മുന്‍കൂട്ടി നല്‍കണം. ഫോണ്‍ എന്ന് എത്തും എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ റിലയന്‍സ് ജിയോ വ്യക്തമാക്കുന്നില്ല. എന്നാല്‍ പണം നല്‍കി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ ഉപയോക്താക്കളുടെ കൈവശം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോഫോണ്‍ വിലയും സവിശേഷതകളും

മുമ്പ് പറഞ്ഞത് പോലെ 2,999 രൂപയാണ് ജിയോഫോണിന്റെ വില. എന്നാല്‍ ജിയോ പ്രഖ്യാപിച്ച മണ്‍സൂണ്‍ ഹംഗാമ ഓഫറിന് കീഴില്‍ പഴയ ഫീച്ചര്‍ ഫോണ്‍ നല്‍കി ജിയോഫോണ്‍ 2 വാങ്ങുമ്പോള്‍ 201 രൂപ മാത്രം ചെലവാക്കിയാല്‍ മതി.

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണ് ജിയോഫോണ്‍ 2 ന്. കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 512 എംബി റാമും നാല് ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ടാവും. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 

2 എംപി ക്യാമറ, വിജിഎ ഫ്രണ്ട് ക്യാമറ സെന്‍സര്‍, 2000 എംഎഎച്ച് ബാറ്ററി. എന്നിവയും ഫോണിനുണ്ട്.

അടുത്തിടെയാണ് ജിയോഫോണില്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് സേവനങ്ങള്‍ ലഭ്യമാകുമെന്ന പ്രഖ്യാപനമുണ്ടായത്. ജിയോഫോണ്‍ 2 ല്‍ ഇവയെല്ലാം ഉണ്ടാവും.