ന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ അടുത്തിടെയാണ് 399 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചത്. ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ, വി എന്നിവരും ഇതേ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഇവയില്‍ ഏതാണ് മികച്ചത് എന്ന് താരതമ്യം ചെയ്തു നോക്കാം. 

ജിയോയുടെ 399 രൂപയുടെ പ്ലാന്‍

സെപ്റ്റംബറില്‍ ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകള്‍ക്ക് കീഴിലാണ് റിലയന്‍സ് ജിയോ 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചത്. ഈ പ്ലാനിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് 75 ജിബി ഡാറ്റ ലഭിക്കും. 200 ജിബി വരെ ഡാറ്റ റോളോവര്‍ സൗകര്യം ലഭിക്കും. എന്നാല്‍ ഫാമിലി ആനുകൂല്യങ്ങള്‍ ഇതില്‍ ലഭിക്കില്ല. എസ്എംഎസും അണ്‍ലിമിറ്റഡ് കോളിങും പ്ലാനിലുണ്ട്. ജിയോയുടെ എല്ലാ ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. ഇത് കൂടാതെ നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ വിഐപി, ആമസോണ്‍ പ്രൈം, ജിയോയുടെ ഒടിടി സേവനങ്ങള്‍ എന്നിവ ഉപയോഗിക്കാം. 

വി 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍

വി അവതരിപ്പിച്ച 399 രൂപയുടെ പോസ്റ്റ് പെയ്ഡ്  പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 40 ജിബി ഡാറ്റയും 150 ജിബി അധിക ഡാറ്റയും ആറ് മാസത്തേകക്ക് ലഭിക്കും. ഇതോടൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, എസ്എംഎസ് എന്നിവ ലഭിക്കും. ഓടിടി ആനുകൂല്യങ്ങളും ഫാമിലി ആനുകൂല്യങ്ങളും ഈ പ്ലാനില്‍ ലഭിക്കില്ല.

എയര്‍ടെലിന്റെ 399 രൂപയുടെ പെയ്ഡ് പ്ലാന്‍

എയര്‍ടെലിന്റെ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 40 ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസും ഉണ്ടാവും. കൂടാതെ ഒരു വര്‍ഷത്തെ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, ഷോ അകാഡമി തുടങ്ങിയവയും ലഭിക്കും. 399 രൂപയുടെ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ്  പ്ലാനിനൊപ്പം സൗജന്യ ഹെലോ ട്യൂണും ഫാസ്റ്റാഗിന് 150 രൂപ കാഷ്ബാക്കും ലഭിക്കും. 

ഈ പ്ലാനുകള്‍ക്കൊപ്പമുള്ള ആനുകൂല്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏതാണ് മികച്ചതെന്ന് വ്യക്തമാണ്. 399 രൂപയുടെ കൂടുതല്‍ ഡാറ്റ വാഗ്ദാനം ചെയ്യുന്നത് ജിയോയാണ്. ഓടിടിയുടെ കാര്യത്തില്‍ ജിയോയും എയര്‍ടെലും ഏകദേശം ഒരുപോലെയാണെങ്കിലും വി ഓടിടി  ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസും എല്ലാ പ്ലാനുകള്‍ക്കൊപ്പവും ലഭിക്കുന്നുണ്ട്. എങ്കിലും വി അവതരിപ്പിച്ച 399 പ്ലാന്‍ മറ്റ് സേവനങ്ങളില്‍ നിന്ന് പിറകിലാണ്.