ന്‍ വിലക്കുറവില്‍ സൗജന്യ ഡാറ്റ നല്‍കി ജനപ്രീതി നേടിയ ജിയോ വീണ്ടുമിതാ മറ്റൊരു സൗജന്യം കൂടി നല്‍കുന്നു. നിലവില്‍ ജിയോയുടെ ഡാറ്റാ പ്ലാന്‍ ഉപയോഗിക്കുന്ന എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും പത്ത് ജിബി ഡാറ്റ സൗജന്യമായി നല്‍കുകയാണ് കമ്പനി. പ്രധാനമായും ജിയോ ടിവി ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ അധിക ഡാറ്റ നല്‍കുന്നത്. 

ജിയോ ടിവിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതും ഉപയോഗം വര്‍ധിച്ചതും പ്രതിദിനം ഉപയോഗിക്കാന്‍ കഴിയുന്ന ഡാറ്റാ പെട്ടന്ന് തന്നെ തീരുന്നതിന് കാരണമാകുന്നുണ്ട്. ഉപയോക്താക്കളുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് അധിക ഡാറ്റ നല്‍കുന്നത്. ബാഴ്സലോണയില്‍ അടുത്തിടെ അവസാനിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബെസ്റ്റ് മൊബൈല്‍ വീഡിയോ കണ്ടന്റ് എന്ന പുരസ്‌കാരത്തിന് ജിയോ ടിവി ആപ്പ് അര്‍ഹമായതിന്റെ സന്തോഷവും ഈ സൗജന്യ ഡാറ്റാ ഓഫര്‍ നല്‍കുന്നതിന് കാരണമാണ്.

ജിയോ ടിവി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ആക്റ്റീവ് ആവുക. അധിക ഡാറ്റ ലഭിക്കുവാന്‍ ഓഫറുകളും അക്കൗണ്ട് വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ജിയോയുടെ 1991, 1299 എന്നീ ഐവിആര്‍ നമ്പറുകളിലേക്ക് വിളിക്കണം. 

സൗജന്യ ഡാറ്റ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ മൈ ജിയോ ആപ്പില്‍ മൈ പ്ലാന്‍സ് സെക്ഷന്‍ സന്ദര്‍ശിച്ചാല്‍ മതി. പ്ലാന്‍ വിവരങ്ങള്‍ക്ക് കീഴില്‍ ആഡ് ഓണ്‍ ഡാറ്റാ വിവരങ്ങള്‍ കാണാന്‍ സാധിക്കും. 

ജിയോ ടിവി ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ പ്രതിദിന ഡാറ്റ തീരുമെന്ന് ആശങ്കപ്പെടാതെ വീഡിയോ കാണാവുന്നതാണ്. മാര്‍ച്ച് അവസാനം വരെയാണ് ഓഫറിന് വാലിഡിറ്റി ഉണ്ടാവുക എന്നാണ് വിവരം. ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ അവസാനിക്കുന്നതും മാര്‍ച്ച് 31 നാണ്. 

583 ചാനലുകളാണ് ജിയോ ടിവി ആപ്പില്‍ ലഭ്യമാവുക. ഇതില്‍ 39 എണ്ണം വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള എച്ച്ഡി ചാനലുകളാണ്. ജിയോ ടിവിയുടെ ഇന്ത്യയിലെ മുഖ്യ എതിരാളികളിലൊന്ന് എയര്‍ടെല്‍ ടിവിയാണ്. സൗജന്യ ഓഫറുകളുമായി എയര്‍ടെല്‍ ടിവിയും മത്സരരംഗത്തുണ്ട്.

Content Highlights: Jio Giving Users 10GB of Free add on Data for  Jio TV users