പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കുന്ന 995 രൂപയുടെ പ്ലാന്‍ ആണ് എയര്‍ടെല്‍ അവതരിപ്പിച്ചത്.റിലയന്‍സ് ജിയോയുടെ 999 രൂപയുടെ പ്ലാനിനോട് മത്സരിക്കുന്നതിനായാണ് എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

180 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ പ്രതിമാസം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. പ്ലാന്‍ കാലയളവില്‍ ആകെ ആറ് ജിബി ഡാറ്റ ഉപയോക്താവിന് ലഭിക്കും കൂടാതെ പ്രതിദിനം നൂറ് എസ്എംഎസ് അണ്‍ലിമിറ്റഡ് കോള്‍ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഇന്ത്യയില്‍ കേരളം ഉള്‍പ്പടെ വിവിധ എയര്‍ടെല്‍ സര്‍ക്കിളുകളില്‍ ഓഫര്‍ ലഭ്യമാവും.

999 രൂപയുടെ മറ്റൊരു ഓഫറും എയര്‍ടെല്‍ നല്‍കിയിരുന്നു. അണ്‍ലിമിറ്റഡ് കോളും 60 ജിബി ഡാറ്റയും 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്.

അതേസമയം ജിയോയുടെ 999 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ്  കോളുകളും 60 ജിബി ഡാറ്റയും പ്രതിദിനം നൂറ് എസ്എംഎസുകളും ആണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

റിലയന്‍സ് ജിയോയുമായി ശക്തമായി മത്സരിക്കുന്ന രാജ്യത്തെ ടെലികോം സേവനദാതാക്കളില്‍ ഒരാളാണ് എയര്‍ടെല്‍  199 രൂപ, 448 രൂപ, 509 രൂപ എന്നിങ്ങനെ വിവിധ പ്രീപെയ്ഡ് പ്ലാനുകള്‍ ജിയോയോട് മത്സരിക്കുന്നതിനായി എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു.