രാജ്യത്ത് 40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം സേവനദാതാവായി മാറി റിലയന്‍സ് ജിയോ. ജൂലായിലാണ് ജിയോ ഈ പരിധി മറികടന്നത്. ജൂലായില്‍ ജിയോയ്ക്ക് 35.54 ലക്ഷം വരിക്കാരെ ലഭിച്ചു. അതേസമയം വി (വോഡഫോണ്‍ ഐഡിയ) യ്ക്ക് ജൂലായില്‍ 37.26 ലക്ഷം ഉപയോക്താക്കളെ നഷ്ടമായി. ട്രായ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഭാരതി എയര്‍ടെല്‍ ഇതേ മാസം 32.6 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കി. ബിഎസ്എന്‍എലിന് 3.88 ലക്ഷം വരിക്കാരെയും എംടിഎന്‍എലിന് 5457 വരിക്കാരെയും നഷ്ടമായി.
ഇന്ത്യയിലെ ആകെ വയര്‍ലെസ് ഉപയോക്താക്കളുടെ എണ്ണം ജൂണ്‍ അവസാനം 114 കോടിയുണ്ടായിരുന്നത് ജൂലായില്‍ 114.4 കോടിയായി വര്‍ധിച്ചു. വയര്‍ലെസ് ഉപയോക്താക്കള്‍ ഉള്‍പ്പടെ ആകെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 116.4 കോടിയിലെത്തി. മുമ്പത്തെ മാസത്തേക്കാള്‍ 30 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
സ്വകാര്യ ടെലികോം സേവന ദാതാക്കളായ ജിയോ, എയര്‍ടെല്‍, വി എന്നിവരാണ് രാജ്യത്തെ വിപണിയുടെ 89.33 ശതമാനം കയ്യാളുന്നത്. അതേസമയം ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പടെയുള്ളവര്‍ 10.67 ശതമാനമാണുള്ളത്.
ജൂലായില്‍ മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനായി ആകെ 75 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
ബ്രോഡ്ബാന്റ് ഉപയോക്താക്കളുടെ എണ്ണം ജൂലായില്‍ 70.5 കോടിയായി വര്‍ധിച്ചു. ബ്രോഡ്ബാന്റ് രംഗത്തും രാജ്യത്തെ സ്വകാര്യ സേവനദാതാക്കളാണ് മുന്നില്‍. ഒപ്പം ബിഎസ്എന്‍എലുമുണ്ട്.
Content Highlights: Jio Became First Telecom Operator to Having over 40 Crore Total Subscribers TRAI