റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. റെഡ്ഡിറ്റ് ഉപയോക്താക്കളാണ് റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കില്‍ എക്‌സ് വീഡിയോസ്, പോണ്‍ഹബ്ബ് പോലുള്ള വെബ്‌സൈറ്റുകളൊന്നും ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചില പോണ്‍ വെബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്‌തെങ്കിലും ജിയോ നെറ്റ് വര്‍ക്കില്‍ ഒരെണ്ണം പോലും ലോഡ് ആയില്ലെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു. നൂറുകണക്കിനാളുകള്‍ ഇതേ പ്രശ്‌നം തങ്ങള്‍ക്കുമുണ്ടെന്ന് കമന്റ് ചെയ്തു. എന്നാല്‍ വിപിഎന്‍ ഉപയോഗിച്ചാല്‍ ജിയോ നെറ്റ് വര്‍ക്കില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ ലഭിക്കുന്നുണ്ടെന്ന് ചിലര്‍ പറയുന്നു. അപ്പോള്‍ പ്രാദേശിക തലത്തില്‍ ടെലികോം ശൃംഖലയിലുള്ള നിരോധനം ആണെന്ന് വ്യക്തം.

അതേസമയം ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 827 പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലൈസന്‍സ് പിന്‍വലിക്കുമെന്ന ഭീഷണിയും സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. 

രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും സര്‍ക്കാര്‍ ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. താമസിയാതെ മറ്റ് നെറ്റ് വര്‍ക്കുകളിലും പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിക്കപ്പെടാം.

ഇന്ത്യയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാണെങ്കിലും, പോണ്‍ സിനിമകള്‍ നിര്‍മിക്കുന്നതിന് അനുവാദമില്ല. സ്വകാര്യമായി പോണ്‍വീഡിയോകള്‍ കാണുന്നതിന് വിലക്കില്ല. എന്നാല്‍ കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് നിരോധനമുണ്ട്.

നിരോധനം വന്നാലും  വിര്‍ച്വല്‍ പബ്ലിക് നെറ്റ് വര്‍ക്കുകള്‍ (വിപിഎന്‍) വഴി പോണ്‍വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ സാധ്യമാണ്. പോണ്‍ഹബ്ബ് തന്നെ നേരിട്ട് വിപിഎന്‍ ആപ്പുകള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ നിയമപരമായ നിരോധനം വന്നാല്‍ പോണ്‍സൈറ്റ് സന്ദര്‍ശനം ശിക്ഷ ലഭിക്കുന്ന സൈബര്‍ കുറ്റകൃത്യമായി മാറും.