ന്യൂഡല്‍ഹി: ഇന്റക്‌സ് ഫോണുകളുമായി സഹകരിച്ച് പുതിയ ഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ. ഇന്റക്‌സിന്റെ 4ജി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 25 ജിബി വരെയുള്ള ജിയോ ഡാറ്റ ഓഫറുകളാണ് ഇന്റക്‌സ് ടെക്‌നോളജീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

ഈ പ്ലാനിന് കീഴില്‍ ഇന്റക്‌സ് 4ജി സ്മാര്‍ട്‌ഫോണില്‍ ജിയോ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് 309 രൂപയ്‌ക്കോ അധിലധികമോ റീചാര്‍ജ് ചെയ്യുമ്പോള്‍ 5 ജിബി അധികം 4ജി ഡാറ്റ ലഭിക്കും. ഒരു നമ്പറില്‍ 5 തവണ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. 

309 രൂപയ്ക്ക് 56 ദിവസത്തേക്ക് 56 ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത വിളികളുമാണ് നിലവില്‍ ലഭ്യമാകുന്നത്. പുതിയ ഓഫര്‍ പ്രകാരം ഇന്റക്‌സ് 4ജി ഫോണ്‍ ഉപയോക്താക്കള്‍ക്ക് 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 61 ജിബി ഡാറ്റവരെ ലഭിക്കും.

കഴിഞ്ഞമാസം ഓപ്പോഫോണും ജിയോയുമായി സഹകരിച്ച് അധിക ഡാറ്റാ ഓഫര്‍ നല്‍കിയിരുന്നു. 309 രൂപയ്‌ക്കോ അധിലധികമോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 60 ജിബി ഡാറ്റവരെയാണ് ഓപ്പോ വാഗ്ദാനം ചെയ്തിരുന്നത്.