ന്യൂഡല്‍ഹി: വൊഡാഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റേയും ലയനം അടുത്തവര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയായേക്കും. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതികളെല്ലാം ലഭിക്കണമെങ്കില്‍ അത്രയും സമയമെടുക്കും എന്നാണ് വിവരം. 

ഇനി രണ്ട് അനുമതികള്‍ കൂടിയാണ് ഐഡിയ-വൊഡാഫോണ്‍ ലയനത്തിന് ലഭിക്കാനുള്ളത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചതിന് ശേഷം ടെലികോം വകുപ്പിന്റെ അംഗീകാരവും ഇരു കമ്പനികള്‍ക്കും ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഐഡിയ സെല്ലുലാര്‍ ഓഹരി ഉടമകളുടെ ഒരു യോഗം ഓക്ടോബര്‍ 12ന് ഗാന്ധിനഗറില്‍ നടക്കും. 

ലയന നടപടികളിലുള്ള സങ്കീര്‍ണതകളെയും കാലതാമസത്തെയും തുടര്‍ന്ന് ലയനം പ്രഖ്യാപിച്ചിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും അതില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം ലയന പ്രഖ്യാപനം നടത്തിയ ഐഡിയയും വൊഡാഫോണും തീരുമാനവുമായി മുന്നോട്ട് പോവുകയാണ്.

റിലയന്‍സ് ജിയോ ടെലികോം വിപണിയില്‍ ഉയര്‍ത്തിയ വെല്ലുവിളി നേരിടുന്നതിനായാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും ലയന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ടെലികോം രംഗത്തെ രണ്ടും മൂന്നും സ്ഥാനക്കാരാണ് വൊഡാഫോണും ഐഡിയയും .