ന്യഡല്‍ഹി: വ്യവസായത്തിലെ കനത്ത നഷ്ടത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം ഉപകരണ നിര്‍മാതാക്കളായ വാവേ 2020 വര്‍ഷത്തെ ഇന്ത്യയിലെ വരുമാന ലക്ഷ്യം 50 ശതമാനം വരെ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം ഗവേഷണ-വികസന മേഖലകളേയും ഗ്ലോബല്‍ സര്‍വീസ് സെന്ററിനേയും ഒഴിവാക്കി 60 മുതല്‍ 70 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും ഇടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വാവേയുടെ ഉപകരണങ്ങള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞത്. ചൈനീസ് സര്‍ക്കാരുമായുള്ള വാവേയുടെ ബന്ധത്തെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അമേരിക്കയ്ക്കും ബ്രിട്ടനും ഒപ്പം ഇന്ത്യ കൂടി ചേര്‍ന്നിരിക്കുകയാണ്. 

ചൈനീസ് കമ്പനികളായ വാവേ, സെഡ്ടിഇ എന്നിവയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും രാജ്യത്തെ ടെലികോം കമ്പനികളെ ഇന്ത്യ വിലക്കിയിട്ടുണ്ട്. മാത്രമല്ല ഉപഭോക്തൃ സേവനങ്ങളെ തടസ്സപ്പെടുത്താതെ, കാലക്രമേണ ചൈനീസ് ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനായി സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് അനൗദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടുള്ളതായാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വാവേയ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

2017-ല്‍ ഇന്ത്യയില്‍ 120 കോടി ഡോളറിന്റെ വരുമാനം കമ്പനി  രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം അത് ക്രമേണ കുറഞ്ഞുവന്നു. രാജ്യത്തെ ടെലികോം മേഖലയിലുണ്ടായ സാമ്പത്തിക ഞെരുക്കമാണ് ആദ്യം തിരിച്ചടിയായത് എങ്കില്‍ പിന്നീട് രാജ്യത്ത് വളര്‍ന്നുവന്ന ചൈനാ വിരുദ്ധ വികാരം തിരിച്ചടിയായി. 2020 ല്‍ 35 കോടി മുതല്‍ 50 കോടി ഡോളര്‍ വരെയാണ് വരുമാനം ലക്ഷ്യമിടുന്നത്. നേരത്തെ 70 മുതല്‍ 80 കോടിയായിരുന്നു. 

ഭാരതി എയര്‍ടെലില്‍ നിന്നും വോഡഫോണ്‍ ഐഡിയയില്‍ നിന്നും കമ്പനി പുതിയ വാണിജ്യ ബന്ധങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. മാത്രവമല്ല ഭാരതി എയര്‍ടെല്‍ വാവായെ കൈവിട്ട് എറിക്‌സണിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 

കമ്പനിയ്ക്ക് ഗവേഷണ-വികസന കേന്ദ്രത്തിലേത് കൂടാതെ ഇന്ത്യയില്‍ 700 ഓളം ജീവനക്കാരുണ്ട്. ഇത് കൂടാതെ മറ്റ് സ്ഥാപനങ്ങള്‍ വഴിയുള്ള നൂറിലധികം പേര്‍ വെറെയുമുണ്ട്. പുതിയ പദ്ധതികള്‍ ഇല്ലാത്തതും പുതിയത് ലഭിക്കുമോ എന്ന് വ്യക്തതയില്ലാത്തതും ഫീല്‍ഡ് സ്റ്റാഫുകള്‍, സെയില്‍സ് ഡിപ്പാര്‍ട്ട് മെന്റ് പോലുള്ള മേഖലകളിലുള്ള കമ്പനിയുടെ ജീവനക്കാരെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാനും കമ്പനി പദ്ധതിയിടുന്നത്

Content Highlights:  huawei India revenue target for 2020 slashed and is laying off staff from R&D