സാന്‍ഫ്രാന്‍സിസ്‌കോ: വ്യവസായിയായ ഇലോണ്‍ മസ്‌കിന്റെ ബഹിരകാശ ഗവേഷണ കമ്പനിയായ സ്‌പെയ്‌സ് എക്‌സ് വിഭാവനം ചെയ്ത സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇലോണ്‍മസ്‌ക് പുറത്തുവിട്ടു.

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഉപഗ്രഹ വിക്ഷേപണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയില്‍ സേവനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സ്‌പേയ്‌സ് എക്‌സ്. 

ഒരു ഡിഷ് ആന്റിന ഉപയോഗിച്ചാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയില്‍ നിന്നും തിരിച്ചും ഡാറ്റാ കൈമാറ്റം നടക്കുന്നത്. തുറസായ ആകാശം ദൃശ്യമാവുന്ന എവിടെയും വെക്കാം. ഈ സ്റ്റാര്‍ലിങ്ക് ടെര്‍മിനല്‍ ഡിഷിന് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ അംഗികാരം ലഭിച്ചിട്ടുണ്ട്. 

ഉപഗ്രങ്ങള്‍ക്ക് നേരെ സ്വയം ദിശ ക്രമീകരിക്കാന്‍ കഴിയുന്ന മോട്ടോര്‍ ഈ ഡിഷ് ആന്റിനയ്ക്കുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലം കാനഡയിലുമാണ് ഇത് പരീക്ഷിക്കാന്‍ പോവുന്നത്. 

2019 മുതല്‍ 540 ഉപഗ്രഹങ്ങള്‍ സ്‌പേയ്‌സ് എക്‌സ് വിക്ഷേപിച്ചുകഴിഞ്ഞു. സമ്പൂര്‍ണ സേവനം ആരംഭിക്കാന്‍ 800 ഉപഗ്രങ്ങള്‍ മതിയെന്ന് സ്‌പേയ്‌സ് എക്‌സ് പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2200 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി.

Content Highlights: elon musk shares more details about Starlink