ന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കമിട്ട ടെലികോം കമ്പനിയാണി റിലയന്‍സ് ജിയോ. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ 4ജി സേവനവുമായെത്തിയ കമ്പനിയാണിത്. അന്നുവരെയുണ്ടായിരുന്ന മുന്‍നിര ടെലികോം കമ്പനികളെ വളരെയധികം പിന്നിലാക്കിക്കൊണ്ടായിരുന്നു ജിയോയുടെ മുന്നേറ്റം. ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം വരിക്കാരുള്ള ടെലികോം കമ്പനിയും ജിയോയാണ്. 

മൊബൈല്‍ ഇന്റര്‍നെറ്റിനെ കൂടാതെ രാജ്യത്തെ മുന്‍നിര ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളിലൊന്നാണ് ജിയോ. എന്നാല്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് ജിയോയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് കടന്നുവന്നിരിക്കുകയാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ സ്റ്റാര്‍ലിങ്ക്. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന് കീഴിലുള്ള സ്ഥാപനമാണ് സ്റ്റാര്‍ലിങ്ക്. 

ഇന്ത്യയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പരമ്പരാഗത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് എത്തിക്കുമെന്ന പ്രഖ്യാപനവുമായാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യ സേവനമാരംഭിക്കാനൊരുങ്ങുന്നത്. അടുത്തിടെയാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യ രജിസ്റ്റര്‍ ചെയ്തത്. ഗ്രാമ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കങ്ങള്‍. ഇതിനകം ഇന്ത്യയില്‍ നിന്ന് നിരവധി ഓര്‍ഡറുകള്‍ സ്റ്റാര്‍ലിങ്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2022 ഡിസംബറോടെ രാജ്യത്ത് സേവനം ആരംഭിക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്. മുകേഷ് അബാനിയുടെ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളുമായുള്ള നേരിട്ടുള്ള മത്സരത്തിനാണ് ഇതുവഴി കളമൊരുങ്ങുക. 

ഇന്ത്യയിലെ ടെലികോം വിപണിയുടെ ഭൂരിഭാഗവും കയ്യാളുന്ന ഈ കമ്പനികളെല്ലാം തന്നെ ഫൈബര്‍ ഓപ്റ്റിക്‌സ് വഴിയുള്ള ബ്രോഡ്ബാന്‍ഡ് ശൃംഖലയാണ് ഇന്ത്യയില്‍ വിന്യസിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഏറെ വ്യത്യസ്തമാണ് സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം. ഉപഗ്രങ്ങളില്‍ നിന്ന് നേരിട്ട് ഡിഷ് ആന്റിനയിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് സ്റ്റാര്‍ലിങ്ക് ചെയ്യുക. 

അടുത്ത വര്‍ഷം ഡിസംബറോടെ രണ്ട് ലക്ഷം കണക്ഷനുകള്‍ ആരംഭിക്കാനാണ്  സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. അതില്‍ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലായിരിക്കും. തുടക്കമെന്നോണം നൂറ് ഉപകരണങ്ങള്‍ രാജ്യത്തെ സ്‌കൂളുകള്‍ക്ക് സൗജന്യമായി നല്‍കും. 

അതേസമയം രാജ്യത്തെ ഏതെങ്കിലും ഒരു ടെലികോം കമ്പനിയുമായുള്ള സഹകരണത്തിനും സ്റ്റാര്‍ലിങ്ക് ശ്രമിച്ചുവരുന്നുണ്ട്. അത് ചിലപ്പോള്‍ ജിയോയോ, വോഡഫോണ്‍ ഐഡിയയോ ആയിരിക്കാം. 

എയര്‍ടെലിന്റെ മാതൃസ്ഥാപനമായ ഭാരതി എയര്‍ടെലിന് മറ്റൊരു സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വണ്‍ വെബില്‍ പങ്കാളിത്തമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ എയര്‍ടെലും സ്റ്റാര്‍ലിങ്കുമായുള്ള സഹകരണത്തിന് സാധ്യതയില്ല. വണ്‍ വെബ് ഇനിയും ഇന്ത്യയില്‍ എത്തിയിട്ടില്ല. വണ്‍ വെബ് ഇന്ത്യയില്‍ എത്തിയാല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള മുഖ്യ എതിരാളിയായി എയര്‍ടെല്‍ മാറിയേക്കും. 

അതേസമയം സ്റ്റാര്‍ലിങ്ക് ഇന്ത്യയ്ക്ക് എത്രത്തോളം രാജ്യത്ത് വിജയം നേടാനാവുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. 7346 രൂപയ്ക്കാണ് ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ സ്വീകരിക്കുന്നത് എങ്കിലും 37000 രൂപയോളം സ്റ്റാര്‍ലിങ്കിന് വേണ്ടി ഉപഭോക്താവ് ചിലവാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇന്ത്യയിലെ ഗ്രാമീണ ജനങ്ങള്‍ക്ക് താങ്ങാനാവുമോ എന്ന് പറയാനാവില്ല. പ്രത്യേകിച്ചും 399 രൂപയോളം താഴ്ന്ന വിലയില്‍ ഇന്ത്യയിലിപ്പോള്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിക്കുന്നുണ്ട്. 

Content Highlights: Elon Musk’s Starlink and Reliance Jio battle over broadband in India