തൃശ്ശൂർ: 2021 ജൂണിനുമുമ്പ് രാജ്യമാകെ 4ജി സേവനം നൽകാൻ ബി.എസ്.എൻ.എൽ. ഒരുങ്ങി. പുനരുദ്ധാരണ പാക്കേജ് വ്യവസ്ഥകൾ പ്രകാരം 4ജി സ്പെക്‌ട്രം അനുവദിച്ചു. ഏപ്രിൽ ഒന്നുമുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നടപടികളും ആരംഭിച്ചതായി ബി.എസ്.എൻ.എൽ. ബോർഡ് ഡയറക്ടർ വിവേക് ബൻസാൽ ‘മാതൃഭൂമി’യോടു പറഞ്ഞു. വെള്ളിയാഴ്ച കൊച്ചിയിൽ ന്യൂജെൻ ലാൻഡ് ഫോൺ പുറത്തിറക്കൽ ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.

ഇപ്പോൾ ബി.എസ്.എൻ.എൽ. 4ജി സേവനം ചുരുങ്ങിയ സ്ഥലങ്ങളിൽ നൽകുന്നുണ്ടെങ്കിലും അത് 3ജി സ്പെക്‌ട്രം ഉപയോഗിച്ചുള്ളതാണ്. ഏതുതരം സ്പെക്‌ട്രം ആണോ ഉപയോഗിക്കുന്നത് അതിനിണങ്ങുന്ന ബി.ടി.എസ്. (ബേസ് ട്രാൻസീവർ സിസ്റ്റം) ടവറുകളിൽ ആവശ്യമാണ്. രാജ്യത്തെ 2ജി, 3ജി ടവറുകളിൽ നോക്കിയ, സെഡ്.ടി.ഇ., വാവേ, മോട്ടറോള കമ്പനികളുടെ ബി.ടി.എസുകളാണുള്ളത്.

ഓരോ മേഖലയ്ക്കും നിശ്ചിതകമ്പനികളുടെ ബി.ടി.എസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ 3ജി മാറ്റി 4ജി കൊടുത്തിരിക്കുന്നത് നോക്കിയയുടെ ഉപകരണം ഉള്ള സ്ഥലങ്ങളിൽ മാത്രമാണ്. അവിടങ്ങളിൽ സോഫ്റ്റ്‌വേർ അപ്ഗ്രഡേഷൻ ചെയ്യുമ്പോൾ 4ജി സ്പെക്‌ട്രം കിട്ടുമ്പോൾ കാര്യം എളുപ്പമാവും.

ആദ്യഘട്ടത്തിൽ ഈ ടവറുകളിലായിരിക്കും യഥാർഥ 4ജി നിലവിൽ വരിക. 4ജി സ്പെക്‌ട്രം ഉപയോഗിക്കാനുള്ള ലൈസൻസ് ബി.എസ്.എൻ.എലിന് നേടേണ്ടതുണ്ട്. അതിന്റെ ഫീസ് അടച്ചാൽ മാത്രമേ പൂർണ അനുമതിയോടെ പ്രവർത്തനം തുടങ്ങാനാവു. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിലവിലെ 2ജി, 3ജി ടവറുകൾ മുഴുവൻ 4ജിയിലേക്ക് മാറ്റുന്നതിന് ഏറെ ചെലവുവരും. ഈ ടവറുകളിൽ 4ജിക്ക് ഇണങ്ങുന്ന ബി.ടി.എസുകൾ സ്ഥാപിക്കണമെങ്കിൽ അതത് കമ്പനികൾക്ക് പണം നൽകണം. ഇക്കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല സമീപനം ഉണ്ടാവുമെന്ന് വിവേക് ബൻസാൽ പറഞ്ഞു.

സ്വകാര്യ കമ്പനികൾ പൂട്ടിപ്പോയാലും ബി.എസ്.എൻ.എൽ. നിലനിൽക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 11.8 കോടി മൊബൈൽ വരിക്കാരുള്ള ബി.എസ്.എൻ.എൽ. 4ജി വരുന്നതോടെ ഏറെ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.

5ജി ഹൈ എൻഡ് തലത്തിൽ മതിയാവും

ഇന്ത്യയിൽ പൊതുജനത്തിന് തത്കാലം മികച്ച 4ജി സേവനമാണ് ആവശ്യം. 5ജി സ്പെക്‌ട്രം രാജ്യത്തുവരുമ്പോൾ ബി.എസ്.എൻഎലിന് നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ രാജ്യത്തെ സാഹചര്യം വെച്ചുനോക്കിയാൽ 5ജി ആവശ്യമായി വരിക റോബോട്ടിക്സ് അടക്കമുള്ള ഹൈ എൻഡ് ആപ്ലിക്കേഷൻ തലത്തിലാണ്. ഇന്ത്യയിൽ 5ജി ഏത് ഫ്രീക്വൻസിയിൽ കൊടുക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ബൻസാൽ പറഞ്ഞു.

content highlights; country wide BSNL 4G service coming soon