സിം കാര്‍ഡ് വിതരണക്കാരായ ചാറ്റ് സിം ഇറ്റലിയിലെ മിലാനില്‍ പുതിയ ചാറ്റ് സിം 2 അവതരിപ്പിച്ചു. സൗജന്യമായി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതാണ് ഈ സിംകാര്‍ഡ്. ഒരു വര്‍ഷത്തേക്കുള്ള പ്ലാനില്‍ 165 രാജ്യങ്ങളിലേക്ക് സൗജന്യമായി എസ്എംഎസ് അയക്കാനുള്ള സൗകര്യവുമുണ്ടാവും. 

ബാര്‍സലോണയില്‍ നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ചാറ്റ് സിം 2 ആഗോള തലത്തില്‍ പരിചയപ്പെടുത്തും. സിം കാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിപാടിയിലായിരിക്കും പുറത്തുവിടുക.

ചാറ്റ് സിമ്മിന്റെ ആദ്യ പതിപ്പിന് പരിമിതികള്‍ ഏറെയുണ്ടായിരുന്നു. ചിത്രങ്ങളും വീഡിയോകളും ശബ്ദസന്ദേശങ്ങളും അയക്കണമെങ്കില്‍ പ്രത്യേകം മള്‍ട്ടിമീഡിയ ക്രെഡിറ്റ് വാങ്ങണമായിരുന്നു. എന്നാല്‍ ചാറ്റ്‌സിമ്മിന്റെ രണ്ടാം പതിപ്പില്‍ ഇന്റര്‍നെറ്റും അതിനു പുറമെ ചാറ്റ് ആപ്പുകളും ഉപയോഗിക്കാന്‍ സാധിക്കും. വാട്‌സ്ആപ്പ്, മെസഞ്ചര്‍, വീചാറ്റ് പോലുള്ള ആപ്ലിക്കേഷനുകള്‍ ചാറ്റ്‌സിമ്മില്‍ ഉപയോഗിക്കാം.  ഇമോജികളും, ചിത്രങ്ങളും, വീഡിയോകളുമെല്ലാം ഇന്റര്‍നെറ്റ ഉപയോഗിച്ച് അയക്കാം.

165 രാജ്യങ്ങളിലായി 250 മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകശില്‍ ചാറ്റ്‌സിം ഉപയോഗിക്കാന്‍ സാധിക്കും.ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകലില്‍ ചാറ്റ് സിം ഉപയോഗിക്കാവുന്നതാണ്. മൈക്രോ, മിനി, നാനോ വലിപ്പങ്ങളില്‍ സിം കാര്‍ഡ് ലഭ്യമാവും. ചാറ്റ് സിം 2 ന് ഇന്ത്യയില്‍ എത്രയായിരിക്കും വിലയെന്ന് വ്യക്തമല്ല.

Content Highlights: ChatSim 2 Launched With Unlimited Internet Access