ന്യൂഡല്‍ഹി: മൊബൈല്‍ സിംകാര്‍ഡുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ പുതിയ നടപടിക്രമം ആവിഷ്‌കരിക്കാന്‍ പദ്ധതിയിടുന്നു. ആധാര്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

സുപ്രീംകോടതി വിധിയ്ക്ക് അനുസൃതമായി സിംകാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഒരു മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്തി പുതിയ 'ഡിജിറ്റല്‍ നടപടിക്രമം' കൊണ്ടുവരുമെന്ന് ടെലികോം വകുപ്പും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

പുതിയ പദ്ധതി ഇങ്ങനെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്- കണക്ഷനെടുക്കാന്‍ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകര്‍ത്തുന്നു. ഒപ്പം അയാളുടെ സ്ഥാനം നിര്‍ണയിക്കുന്ന അക്ഷാശം, രേഖാംശം, സമയം എന്നിവയും ചിത്രത്തോടൊപ്പം രേഖപ്പെടുത്തും. ഒടിപിയുടെ അടിസ്ഥാനത്തില്‍ സിംകാര്‍ഡ് ഏജന്റിനെ തിരിച്ചറിയും. സിംകാര്‍ഡ് അനുവദിക്കും. 

മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചവര്‍ക്ക്. അത് പിന്‍വലിക്കാനുള്ള സൗകര്യവും ഒരുക്കും. ഔദ്യോഗികമായ രേഖകള്‍ ഹാജരാക്കിയാല്‍ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള ആധാര്‍ വിവരങ്ങള്‍ പിന്‍വലിച്ച് മറ്റ് തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. മൊബൈല്‍ നമ്പറുകള്‍ ഡിസ്‌കണക്റ്റ് ആയിട്ടില്ലെങ്കില്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇതിന് വേണ്ടി ഉപയോക്താവിന് അവരുടെ ടെലികോം സേവനദാതാക്കളുമായി ബന്ധപ്പെടാവുന്നതാണ്.

Content Highlights: Centre plans new ‘digital process’ for issuing SIMs