ന്യൂഡല്‍ഹി: തകര്‍ച്ചയുടെ വക്കില്‍നില്‍ക്കുന്ന രാജ്യത്തെ ടെലികോം മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. പാക്കേജുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാനവുമായി (എജിആര്‍) ബന്ധപ്പെട്ട കുടിശികയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്  ഈ വാര്‍ത്ത.  

കുടിശികയായി 53000 കോടി രൂപയാണ് വോഡഫോണ്‍ ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത്. ഇതുവരെ 3500 കോടി രൂപയാണ് കമ്പനിക്ക് നല്‍കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച് 17 ന് വീണ്ടും കോടതി ചേരുന്നതിന് മുന്നോടിയായി കമ്പനികള്‍ക്കുള്ള സഹായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏജിആര്‍ കുടിശിക തിരിച്ചടയ്ക്കുന്നതിന് കമ്പനികള്‍ക്ക് കുറച്ച് വര്‍ഷംകൂടി സര്‍ക്കാര്‍ സമയം നല്‍കിയേക്കുമെന്ന് ഇടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ 53000 കോടി രൂപ കുടിശിക അടയ്ക്കാന്‍ 15 വര്‍ഷം സമയം നല്‍കണമെന്ന് വോഡഫോണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 

ഈ വിഷയത്തില്‍ വോഡഫോണ്‍ ഐഡിയ ഏറെ നാളുകളായി ടെലികോം മന്ത്രാലയവുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കമ്പനി ആഭ്യന്തര തലത്തില്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ തുകയാണ് ടെലികോം വകുപ്പ് കുടിശികയായി ചുമത്തിയിരിക്കുന്നത് എന്ന് വോഡഫോണ്‍ ആരോപിക്കുന്നു. കമ്പനിയുടെ കണക്കനുസരിച്ച് 21500 കോടി രൂപയാണ് കുടിശിക വരിക. വോഡഫോണ്‍ ഐഡിയ മാത്രമല്ല, ഭാരതി എയര്‍യെല്‍, ടാറ്റ ടെലിസര്‍വീസസ് പോലുള്ള കമ്പനികളും ടെലികോം മന്ത്രാലയത്തിന്റെ കണക്കില്‍ അധിക തുകയാണുള്ളത് എന്ന് പറയുന്നു. 

എജിആര്‍ കുടിശിക ഉടന്‍ തിരിച്ചടയ്ക്കണമെന്ന് കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് വലിയ തുക തിരിച്ചടയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ മുഴുവന്‍ തുകയും അടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് കുടിശികയുടെ ഒരു ഭാഗം നല്‍കി ബാക്കി തുകയ്ക്ക് സമയം ആവശ്യപ്പെടുകയായിരുന്നു കമ്പനികള്‍. 37000 കോടി രൂപ നല്‍കാനുള്ള എയര്‍ടെല്‍ ഇതുവരെ 18000 കോടി രൂപ നല്‍കിക്കഴിഞ്ഞു. 

Content Highlights: Cabinet Reportedly Approved Relief Package telecom sector