ബിഎസ്എന്‍എലിന്റെ ഫാന്‍സി മൊബൈല്‍ നമ്പറുകള്‍ക്കായുള്ള ഇ-ലേലം ആരംഭിച്ചു. സെപ്റ്റംബര്‍ 20 ന് ആരംഭിച്ച ലേലം 27 വരെ നടക്കും.  http://eauction.bsnl.co.in വെബ്‌സൈറ്റിലാണ് ഇ-ലേലം നടക്കുന്നത്. ലേലത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതും ലേലത്തില്‍ പങ്കെടുക്കുന്നതും എളുപ്പമാണ്.

ലേലത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചു

ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ചാര്‍ജ് തിരഞ്ഞെടുത്ത നമ്പറിന്റെ അടിസ്ഥാന വിലയുടെ 50 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 25000 രൂപവരെയാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ് ഈടാക്കുക. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ ചാര്‍ജ് അടയ്ക്കാം. ലേലം പൂര്‍ത്തിയാക്കിയാല്‍ ഈതുക തിരികെയെടുക്കാം. ലേലത്തില്‍ ജയിച്ച വ്യക്തി ലേലത്തുക നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ ചാര്‍ജ് നഷ്ടമാവും. 

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍

മേല്‍വിലാസം വ്യക്തമാക്കുന്ന രേഖയും തിരിച്ചറിയല്‍ രേഖയും വെബ് പോര്‍ട്ടലില്‍ നല്‍കണം. ഉയര്‍ന്ന ലേലത്തുക നല്‍കുന്നയാള്‍ക്ക് മാത്രമേ ഫാന്‍സി നമ്പര്‍ ലഭിക്കുകയുള്ളൂ. നേരത്തെ ഉയര്‍ന്ന ലേലത്തുക നല്‍കുന്നയാള്‍ക്ക് ഇഷ്ടമുള്ള ആരുടെ പേരിലും നമ്പര്‍ ആക്റ്റിവേറ്റ് ചെയ്യാനാവുമായിരുന്നു. എന്നാല്‍ ലേലത്തുക വിളിച്ചെടുക്കുന്നയാളുടെ പേരില്‍ മാത്രമേ നമ്പര്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുകയുള്ളൂ. നമ്പറുകള്‍ മറിച്ചുവില്‍ക്കുന്നത് തടയാനാണിത്. 

BSNL
Photo: BSNL 

കേരള ടെലികോം സര്‍ക്കിളില്‍ എസ്എംഎസ് ലേലം ഉണ്ടാവില്ല

എസ്എംഎസ് വഴി ലേലത്തില്‍ പങ്കെടുക്കാനുള്ള സൗകര്യം ഇനി ലഭിക്കില്ല. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മാത്രമേ ഇനി അതിന് സാധിക്കുകുള്ളൂ. 

ലേലത്തില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ

 • രജിസ്റ്റര്‍ ചെയ്യുന്നതിന്, ഉപഭോക്താവ് http://eauction.bnsl.co.in എന്ന സൈറ്റ് അല്ലെങ്കില്‍ https: goo.gl/pmRgVs പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
 • മെനു ബാറിലെ 'ലോഗിന്‍/രജിസ്റ്റര്‍' ലിങ്ക് വഴി ഉപഭോക്താവിന് രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താവ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇ-മെയില്‍ ഐഡി  ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. വിജയകരമായ രജിസ്‌ട്രേഷന് ശേഷം ഉപഭോക്താവിന് എസ്എംഎസ് ആയും ഇമെയില്‍ വഴിയും ഒരു പാസ് വേഡ് ലഭിക്കും.
 • ഉപഭോക്താവ് 'ലോഗിന്‍' ക്ലിക്കുചെയ്ത് ലഭിച്ച പാസ്വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുടരുന്നതിന് ടേംസ് ആന്റ് കണ്ടീഷന്‍സ് ക്ലിക്ക്‌ചെയ്ത് തുടരുക
 • വിജയകരമായ ലോഗിനുശേഷം ഉപഭോക്താവിനെ സ്വാഗത പേജിലേക്ക് നയിക്കും. മെനു ബാറില്‍ ലഭ്യമായ 'ചേഞ്ച് പാസ് വേഡ്' ഓപ്ഷന്‍ ഉപയോഗിച്ച് ഉപഭോക്താവിന് പാസ്വേഡ് മാറ്റാനാകും. ശേഷം പ്രൊഫൈല്‍ ഫോം പൂരിപ്പിക്കുക. ലഭ്യമായ നമ്പറുകളില്‍ നിന്ന് ഫാന്‍സി നമ്പര്‍ അഥവാ വാനിറ്റി നമ്പറുകള്‍ തിരഞ്ഞെടുക്കാം. 
 • ഒരു വാനിറ്റി നമ്പര്‍ ബിഡ് ചെയ്യുന്നതിന്, തിരഞ്ഞെടുത്ത നമ്പറിനെതിരെ കാണിച്ചിരിക്കുന്ന രജിസ്‌ട്രേഷന്‍ ഫീസ് ഉപഭോക്താവ് നല്‍കണം. രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ ഓണ്‍ലൈനായി അടയ്ക്കാം.
 • ഒരു നമ്പറിനായി ആവശ്യമായ രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ അടച്ച ശേഷം, ഉപഭോക്താവിന് 'എന്റെ ബിഡ് സ്റ്റാറ്റസ്' മെനുവില്‍ ലഭ്യമായ ആ പ്രത്യേക നമ്പറിനായി ലേലം വിളിക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ നമ്പറുകള്‍ക്കുള്ള ലേലം ആരംഭിക്കാന്‍ ഉപഭോക്താവിന് കഴിയും.
 • ഇടത് വശത്ത് നിന്ന് നമ്പര്‍ തിരഞ്ഞെടുക്കുക, ഉപഭോക്താവിന് ബിഡ്ഡിങ് എണ്ണവും അതിന്റെ നിലവിലെ ലേലത്തുകയും കാണാന്‍ കഴിയും. ഓരോ ബിഡ്ഡിംഗ് നമ്പറിന്റെയും വര്‍ദ്ധനവ് മൂല്യം ഇതിനകം പോര്‍ട്ടലില്‍ ലഭ്യമാവും.
 • ഉപഭോക്താവിന് ഇപ്പോഴത്തെ പരമാവധി ബിഡ് മൂല്യത്തേക്കാള്‍ കൂടുതല്‍ ലേലം വിളിക്കണമെങ്കില്‍, മൈ ബിഡ് സ്റ്റാറ്റസിലെ 'ക്ലിക്ക് റ്റു ബിഡ്' ക്ലിക്കുചെയ്ത് ലേല തുക വര്‍ധിപ്പിക്കാം.
 • 27-09-2021 ന് രാത്രി 11.59 ന് ലേലം അവസാനിക്കും. ലേലത്തില്‍ വിജയിച്ചവരുടെ പട്ടിക 28-09-2021 ന് ബിഎസ്എന്‍എല്‍ ഫീല്‍ഡ് യൂണിറ്റുകള്‍ക്ക് നല്‍കും.
 • ലേലത്തില്‍ വിജയിച്ചവരെ (H1) 28-09-2021ന് മെയില്‍/എസ്എംഎസ് വഴി വിവരമറിയിക്കും. ലേലം പിടിച്ച നമ്പര്‍, പിന്‍ നമ്പര്‍, ജിഎസ്ടി ഉള്‍പ്പെടെ അടയ്‌ക്കേണ്ട തുക തുടങ്ങിയ വിവരങ്ങള്‍ അതില്‍ വ്യക്തമാക്കും. ലേലത്തുകയില്‍ നിന്ന് ആദ്യം അടച്ച രജിസ്‌ട്രേഷന്‍ ചാര്‍ജ് കുറയ്ക്കും.
 • വിജയികളായവര്‍ അവര്‍ക്ക് ലഭിച്ച ഇമെയില്‍ / എസ്എംഎസ് സന്ദേശം കാണിച്ച് കേരളത്തില്‍ എവിടെയുമുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍കെയര്‍ സെന്ററുകളെയും സമീപിക്കാം. ലേലം വിളിച്ച തുകയും അവശ്യ രേഖകളും നല്‍കി നമ്പര്‍ സ്വന്തമാക്കാം.