ബിഎസ്എന്‍എലിന്റെ പ്രീപെയ്ഡ് വരിക്കാരുടെ എണ്ണത്തില്‍ താമസിയാതെ വര്‍ധനവുണ്ടായേക്കും. സ്വകാര്യ ടെലികോം സേവനദാതാക്കള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യമാണ് ഇതിനുള്ള പ്രധാന കാരണം. 20 മുതല്‍ 25 ശതമാനം വരെയാണ് വര്‍ധനവുള്ളത്. എന്നാല്‍ ഈ കമ്പനികള്‍ നല്‍കുന്ന പ്ലാനുകളേക്കാള്‍ എത്രയോ കുറഞ്ഞ നിരക്കിലാണ് ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ നല്കുന്നത്. എങ്കിലും മറ്റ് കമ്പനികളെ പോലെ ഇന്ത്യയില്‍ ആകമാനം ബിഎസ്എന്‍എല്‍ 4ജി നല്‍കുന്നില്ല.

ഡ്യുവല്‍ സിം സംരക്ഷിക്കാനുള്ള പെടാപാട്

ഫോണില്‍ രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെയാണ് സ്വകാര്യ കമ്പനികളുടെ വിലവര്‍ധന സാരമായി ബാധിക്കുക. എയര്‍ടെലും ജിയോയും വോഡഫോണ്‍ ഐഡിയ കമ്പനികളുടെ സിം കണക്ഷനുകള്‍ ഡ്യുവല്‍ സിം ഫോണുകളില്‍ ഉപയോഗിക്കുമ്പോള്‍ ഒരാള്‍ക്ക് 300 ല്‍ ഏറെ രൂപ ചെലവുണ്ട്. 

4ജി ഇല്ലാത്തതും പലപ്പോഴും റേഞ്ച് ലഭിക്കാത്തതും മോശം കസ്റ്റമര്‍ കെയര്‍ സേവനവുമെല്ലാമാണ് ബിഎസ്എന്‍എലില്‍ നിന്ന് ഉപഭോക്താക്കളെ സാധാരണ അകറ്റിനിര്‍ത്തുന്ന ഘടകങ്ങള്‍. 

എന്നാല്‍ നിരക്ക് വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ബിഎസ്എന്‍എലിലെ കുറഞ്ഞ നിരക്ക് മാത്രം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ തങ്ങളുടെ രണ്ടാമത്തെ ഫോണ്‍നമ്പര്‍ ബിഎസ്എന്‍എലിലേക്ക്  മാറ്റാനാണ് സാധ്യത. 

4 ജി താമസിയാതെ വന്നേക്കും

2022  സെപ്റ്റംബറില്‍ രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ 4ജി അവതരിപ്പിച്ചേക്കുമെന്ന് അടുത്തിടെ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ബിഎസ്എന്‍എലിന് പുതിയ ഉപഭോക്താക്കളെ കാര്യമായി കിട്ടിയിരുന്നില്ല. 

അതേസമയം ഡാറ്റാ ഉപയോഗം മാറ്റി നിര്‍ത്തിയാല്‍, വോയ്‌സ് കോള്‍ ആവശ്യങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ് ബിഎസ്എന്‍എല്‍ പ്രിപെയ്ഡ് പ്ലാനുകള്‍. അതേസമയം സ്വകാര്യ കമ്പനികളെ അനുകരിച്ച് ബിഎസ്എന്‍എലും നിരക്ക് വര്‍ധിപ്പിക്കുമോ എന്ന് വ്യക്തമല്ല. നിലവില്‍ അത്തരം ഒരു സൂചന ബിഎസ്എന്‍എല്‍ നല്‍കുന്നില്ല.

Content Highlights: BSNL Subscriber Base Might Expand Soon