ന്യൂഡല്‍ഹി: രാജ്യത്തെ പടിഞ്ഞാറ്, തെക്ക് സോണുകളിലെ ബിഎസ്എന്‍എല്‍ 2ജി, 3ജി സൈറ്റുകളെ 4ജിയിലേക്ക് മാറ്റുന്നതിനുള്ള നിര്‍ദേശം തള്ളി. ഇതിനായി നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയേറ്റിന്റെ (എന്‍.എസ്.സി.എസ്.) അനുമതി ലഭിച്ചിരുന്നുവെങ്കിലും ബിഎസ്എന്‍എല്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളാണ് നിര്‍ദേശം തള്ളിയത്.  

ഉപകരണ വില്‍പനക്കാരായ നോക്കിയയുമായി സഹകരിച്ച് 4ജി പദ്ധതി മുന്നോട്ട് കൊണ്ടുപോവാന്‍ എന്‍.എസ്.സി.എസ്. അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് സുരക്ഷിതമല്ല എന്നാണ് ബിഎസ്എന്‍എല്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികള്‍ പറയുന്നത്. 

വില്‍പനക്കാരില്‍ നിന്ന് ടെലികോം ഉപകരണങ്ങള്‍ വാങ്ങുന്നതിന് മുമ്പ് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച സംവിധാനമാണ് എന്‍.എസ്.സി.എസ്. ഉപകരണങ്ങള്‍ ടെലികോം കമ്പനികള്‍ക്കും രാജ്യത്തിനും സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതും എന്‍.എസ്.സി.എസിന്റെ ചുമതലയാണ്. 

പടിഞ്ഞാറന്‍ സോണുകളിലും, തെക്കന്‍ സോണുകളിലും 2ജി, 3ജി നെറ്റ് വര്‍ക്കുകളെ 4ജിയിലേക്ക് പരിഷ്‌കരിക്കാന്‍ എന്‍.എസ്.സി.എസ്. അനുമതി നല്‍കിയതാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ 13,533 സൈറ്റുകളാണ് 4ജിയിലേക്ക് മാറുക. 

സ്വകാര്യ കമ്പനികളെല്ലാം ഇതിനോടകം രാജ്യ വ്യാപകമായി 4ജി ലഭ്യമാക്കുകയും 5ജി വ്യാപനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്ത അവസരത്തിലാണ് സര്‍ക്കാരിന് കീഴില്‍വരുന്ന ബിഎസ്എന്‍എലിന് 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ നിരന്തരം തടസങ്ങളുണ്ടാവുന്നത്.