ആമസോണ്‍ പ്രൈമും എയര്‍ടെലും ചേര്‍ന്ന് പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. 89 രൂപയില്‍ തുടങ്ങുന്ന പ്ലാനുകളാണ് അവതരിപ്പിച്ചത്.
ഒരു മൊബൈല്‍ ഫോണില്‍ മാത്രം കാണാന്‍ സാധിക്കുന്ന പ്ലാന്‍ ആണിത്. സ്റ്റാര്‍ന്റേര്‍ഡ് ഡെഫനിഷനില്‍ (എസ്ഡി ക്വാളിറ്റി) വീഡിയോ ആസ്വദിക്കാം.
വിവിധ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പമാണ് ഈ ആനുകൂല്യം ലഭിക്കുക. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ എയര്‍ടെല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യാം. ഇവര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യമായും പ്രൈം ആസ്വദിക്കാം.
നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ വാങ്ങാന്‍ സാധിക്കുക. ജനുവരി 13 ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഈ ആനുകൂല്യം ആസ്വദിക്കാം.
എയര്‍ടെലിന്റെ വിവിധ റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം ആമസോണ്‍ പ്രൈം മൊബൈല്‍ ഓണ്‍ലി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.
89 രൂപ മുതല്‍ 2698 രൂപ വരെയുളള വാര്‍ഷിക പ്ലാനില്‍ വരെ വിവിധ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ലഭിക്കും.
ഇതില്‍ 2698 രൂപ, 599 രൂപ, 448 രൂപ എന്നിവയ്‌ക്കൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.
ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന്‍ പ്ലാനിന്റെ പരിമിതികള്‍
എന്നാല്‍ ഈ പ്ലാനുകളില്‍ മറ്റ് ആമസോണ്‍ പ്രൈം ആനുകൂല്യങ്ങള്‍ മൊബൈല്‍ ഓണ്‍ലി പ്ലാനില്‍ ലഭിക്കില്ല. സിനിമ, പരിപാടികള്‍, മറ്റ് വീഡിയോകള്‍ എന്നിവ കാണാം.
ഒന്നിലധികം യൂസര്‍മാര്‍, സ്മാര്‍ട് ടിവി ഉള്‍പ്പടെയുള്ള മറ്റ് ഉപകരണങ്ങളിലേക്ക് സ്ട്രീം ചെയ്യാനുള്ള സൗകര്യം, എച്ച്ഡി യുഎച്ച്ഡി ഗുണമേന്മയിലുള്ള വീഡിയോ, പരസ്യമില്ലാത്ത പ്രൈം മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, ആമസോണ്‍ വെബ്‌സൈറ്റില്‍ സൗജന്യവും വേഗത്തിലുള്ളതുമായ ഷിപ്പിങ് എന്നിവ ഈ മൊബൈല്‍ എഡിഷന്‍ പ്ലാനില്‍ ലഭിക്കില്ല.
എന്നാല്‍ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ആമസോണ്‍ പ്രൈം പ്ലാനിന് വേണ്ടി ഉപയോക്താക്കള്‍ 131 രൂപയുടേയും, 349 രൂപയുടെയും റീച്ചാര്‍ജ് ചെയ്യാം.
നിലവില്‍ ആമസോണ്‍ പ്രൈം ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്. എയര്‍ടെല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ഫ്രീ ട്രയല്‍ പരിധി കഴിഞ്ഞാല്‍ എയര്‍ടെലിന്റെ ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന്‍ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനാവും.
Content Highlights: amazon and airtel offers amazon prime mobile edition for airtel users