കൊച്ചി: വീടിനകത്തും കെട്ടിടങ്ങള്‍ക്കുള്ളിലും നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ അതിവേഗ ഡാറ്റാ നെറ്റ് വര്‍ക്ക് അപ്‌ഡേറ്റ് ചെയ്ത് എയര്‍ടെല്‍. ഇതിനായി 900 മെഗാഹെര്‍ട്ട്‌സ് ബാന്‍ഡില്‍  4.6 മെഗാഹെര്‍ട്ട്‌സ്  സ്‌പെക്ട്രം കൂടി അധികമായി കമ്പനി വിന്യസിച്ചു.

പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വീട്ടിലിരുന്നുള്ള ജോലി , ഓണ്‍ലൈന്‍ ക്ലാസുകള്‍, വീഡിയോ സ്ട്രീമിങ്ങ്  എന്നിവ കൂടിയതോടെ ഹൈസ്പീഡ് ഡാറ്റ സര്‍വീസ് ആവശ്യം വര്‍ധിച്ചു. വീടിനുള്ളിലും മുറികള്‍ക്കുള്ളിലും ഡാറ്റാനെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കായാണ് എയര്‍ടെല്‍ എടിഇ 900 സാങ്കേതിക വിദ്യ വിന്യസിച്ചത്.

900 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രത്തിലൂടെ സിഗ്നല്‍ കൂടുതല്‍ ശക്തമാണ്. നഗര മേഖലകളില്‍ ഇന്‍ഡോര്‍ കവറേജ് മെച്ചപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണ മേഖലയിലും നെറ്റ്‌വര്‍ക്ക്  ലഭ്യമാക്കും.  

കേരളത്തിലെ 900, 1800, 2300 ബാന്‍ഡുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഈയിടെ നടത്തിയ ലേലത്തില്‍ 19.6 മെഗാഹെര്‍ട്ട്‌സ് എയര്‍ടെല്‍ അധികമായി സ്വന്തമാക്കിയിരുന്നു. കേരളത്തിലെ ഉയര്‍ന്നു വരുന്ന ഡാറ്റാ സേവന ഡിമാന്‍ഡുകള്‍ക്കായി എയര്‍ടെലിന് 54.6 മെഗാഹെര്‍ട്ട്‌സിന്റെ ശക്തമായ സ്‌പെക്ട്രം ബാങ്കുണ്ട്. എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് 5ജിക്കായി ഒരുങ്ങിയിരിക്കുകയാണ്. 5ജി എക്‌സ്പീരിയന്‍സ് ഇതിനകം തന്നെ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.  

ഉപഭോക്താക്കള്‍ക്ക് ലോകോത്തര നെറ്റ്‌വര്‍ക്ക് അനുഭവം പകരുകയാണ് ലക്ഷ്യമെന്നും എടിഇ 900ത്തിന്റെ വിന്യാസത്തിലൂടെ വീടിനകത്തും കെട്ടിടങ്ങളിലും 4ജി കവറേജ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പുതുക്കിയ നെറ്റ്‌വര്‍ക്കില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ഹൈസ്പീഡ് ഡാറ്റ  എച്ച്ഡി നിലവാരത്തില്‍ ആസ്വദിക്കാമെന്നും ഏറ്റവും പുതിയ നെറ്റ്‌വര്‍ക്ക് സാങ്കേതിക വിദ്യകളുടെ വിന്യാസത്തിനായുള്ള നിക്ഷേപങ്ങള്‍ തുടരുമെന്നും ഭാരതി എയര്‍ടെ  സി.ഒ.ഒ. മാരുത് ദിവാരി പറഞ്ഞു.