തിരഞ്ഞെടുത്ത പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് നൂറ് രൂപയ്ക്ക് 15 ജിബി ഡാറ്റ ലഭിക്കുന്ന ആഡ് ഓണ്‍ പ്ലാന്‍ വാഗ്ദാനം ചെയ്ത് ഭാരതി എയര്‍ടെല്‍. കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കളെ സഹായിക്കാനാണ് ഈ വര്‍ക്ക് ഫ്രം ഹോം ആഡ് ഓണ്‍ പാക്ക് അവതരിപ്പിച്ചിരിക്കുന്നത്. 

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യാക്കാരും അവരുടെ മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നത്. ഇത് തിരിച്ചറിയുന്ന ടെലികോം കമ്പനികള്‍ പുതിയ ആഡ് ഓണ്‍ പാക്കുകളും, അധിക ഡാറ്റയും ഇതിനോടകം വാഗ്ദാനം ചെയ്തുകഴിഞ്ഞു. പുതിയ വര്‍ക്ക് ഫ്രം ഹോം ആഡ് ഓണ്‍ പാക്കിലൂടെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളെയാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. 

നൂറ് രൂപയ്ക്ക് 15 ജിബി ഡാറ്റ ലഭിക്കുന്ന ആഡ് ഓണ്‍ പാക്കിനൊപ്പം, 200 രൂപയ്ക്ക് 35 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും എയര്‍ടെല്‍ നല്‍കുന്നുണ്ട്. ഓഫറിന് അര്‍ഹരായ ഉപയോക്താക്കള്‍ക്ക് മൈ എയര്‍ടെല്‍ ആപ്പില്‍ സന്ദര്‍ശിച്ചാല്‍ ഓഫര്‍ ലഭ്യമാണോ എന്നറിയാം.

എയര്‍ടെലിന്റെ പോസ്റ്റ് പെയ്ഡ് ഡാറ്റാ ഉപയോക്താക്കള്‍ക്ക് പ്രതിദിന ഡാറ്റാ ഉപയോഗ പരിധിയില്ലാത്തത് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമാണ്. ഒരു മാസം ബാക്കി വരുന്ന ഡാറ്റ അടുത്തമാസത്തെ ഡാറ്റാ ബാലന്‍സിലേക്ക് ചേര്‍ക്കപ്പെടുന്നതും ഈ സാഹചര്യത്തില്‍ ഗുണം ചെയ്യും.

Content Highlights: Airtel Unveils 15GB Postpaid Add-On for Rs 100