റിലയന്‍സ് ജിയോയില്‍ മാത്രമല്ല എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും ഇനി സ്മാര്‍ട്‌ഫോണില്‍ സൗജന്യമായി ടിവി പരിപാടികള്‍ കാണാം. 2018 ജൂണ്‍ വരെ എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാം. എയര്‍ടെലിന്റെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സൗജന്യം ലഭ്യമാവും.

എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്റെ പുതിയ പതിപ്പിനൊപ്പമാണ് എയര്‍ടെല്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ വാഗ്ദാനം ചെയ്യുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ്‌സ്റ്റോറില്‍ നിന്നും എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 

300ല്‍ അധികം ലൈവ് ടിവി ചാനലുകള്‍ എയര്‍ടെല്‍ ആപ്പില്‍ ലഭ്യമാണ്. ഇതില്‍ 29 എണ്ണം എച്ച്ഡി ചാനലുകളാണ്. 6000ല്‍ ധികം ടിവി പരിപാടികളും സിനിമകളും ആപ്പില്‍ ലഭ്യമാവും. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷാ ചാനലുകളും ആപ്പില്‍ കാണാവുന്നതാണ്.

ഇറോസ് നൗ, സോണിലൈവ്, ഹൂഖ് തുടങ്ങിയ കമ്പനികളുമായി എയര്‍ടല്‍ ടിവിയ്ക്ക് പങ്കാളിത്തമുണ്ട്. വിവിധ വിഭാഗങ്ങളില്‍ പെട്ട ടെലിവിഷന്‍ പരിപാടികളും സിനിമകളും എയര്‍ടെല്‍ ടിവി ആപ്പില്‍ ലഭ്യമാണ്.