സെപ്റ്റംബറില്‍ പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി ഭാരതി എയര്‍ടെല്‍. വ്യാഴാഴ്ച ട്രായ് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. 2016 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോ സേവനം ആരംഭിച്ചത് മുതല്‍ പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് എയര്‍ടെല്‍ ഈ നേട്ടം കൈവരിക്കുന്നത്.
37.7 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ഭാരതി എയര്‍ടെലിന് 2020 സെപ്റ്റംബറില്‍ ലഭിച്ചത്. 14.6 ലക്ഷം പേരെയാണ് തൊട്ടുപിന്നിലുള്ള റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത്. 78,454 ഉപയോക്താക്കളുമായി ബിഎസ്എന്‍എല്‍ ആണ് മൂന്നാമത്.
വോഡഫോണ്‍ ഐഡിയ്ക്ക് കനത്ത നഷ്ടമുണ്ടായി. 46.5 ലക്ഷം വരിക്കാരെ സെപ്റ്റംബറില്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എംടിഎന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയ്ക്ക് യഥാക്രമം 5784, 1325 ഉപയോക്താക്കളെ നഷ്ടമായി
അതേസമയം, ആകെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 40.41 കോടി വരിക്കാരുള്ള ജിയോ തന്നെയാണ് മുന്നില്‍. 32.66 കോടി വരിക്കാരുള്ള എയര്‍ടെല്‍ രണ്ടാമതാണ്. 29.54 കോടി വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ മൂന്നാം സ്ഥാനത്താണ്. 11.89 കോടി പേരാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്.
രാജ്യത്തെ ആകെ ടെലികോം ഉപയോക്താക്കളുടെ എണ്ണം ഓഗസ്റ്റില്‍ 116.78 കോടി ഉണ്ടായിരുന്നത് സെപ്റ്റംബറില്‍ 116.86 കോടിയായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ 114.79 കോടി പേര്‍ മൊബൈല്‍ വരിക്കാരാണ്.
ലാന്റ് ലൈന്‍ ഉപയോക്താക്കളുടെ എണ്ണം ഓഗസ്റ്റില്‍ 1.98 കോടി ഉണ്ടായിരുന്നത് 10.08 കോടിയായി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ കണക്ഷനുകളാണിതില്‍ കൂടുതലും.
അതേസമയം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലിന് 182549 ലാന്റ് ലൈന്‍ വരിക്കാരേയും എംടിഎന്‍എല്ലിന് 19566 ലാന്റ്‌ലൈന്‍ വരിക്കാരെയും നഷ്ടമായി. റിലയന്‍സ് ജിയോ മാത്രമാണ് സെപ്റ്റംബറില്‍ ലാന്റ്‌ലൈന്‍ വരിക്കാരെ നഷ്ടമായ സ്വകാര്യ കമ്പനി.
രാജ്യത്തെ ബ്രോഡ്ബാന്റ് വരിക്കാരുടെ എണ്ണത്തില്‍ 1.41 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 72.63 കോടിയാളുകളാണ് സെപ്റ്റംബറിലെ ബ്രോഡ്ബാന്റ് വരിക്കാര്‍.
Content Highlights: airtel surpassed jio in monthly mobile subscriber addition after 4 years