രാജ്യത്ത് ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യ ടെലികോം സേവനദാതാവായി എയര്‍ടെല്‍. ഹൈദരാബാദ് നഗരത്തിലാണ് എയര്‍ടെല്‍ 5ജി പരീക്ഷിച്ചത്. 

എന്‍എസ്എ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയിലൂടെ എയര്‍ടെലിന്റെ നിലവിലുള്ള 1,800 മെഗാ ഹെര്‍ട്‌സ് ബാന്റിലെ ലിബറലൈസ്ഡ് സ്‌പെക്ട്രം ഉപയോഗിച്ചാണ് 5ജി നെറ്റ്വര്‍ക്ക് പരീക്ഷിച്ചത്. ഇതേ സ്‌പെക്ട്രം ബ്ലോക്കില്‍ തന്നെ തടസമില്ലാതെ 4ജിയും 5ജിയും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചുവെന്ന് എയര്‍ടെല്‍ അവകാശപ്പെടുന്നു. 
 
നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിരട്ടി വേഗത്തിലും പത്തിരട്ടി ലേറ്റന്‍സിയിലും നൂറിരട്ടി ക്ഷമതയിലും സേവനം നല്‍കാന്‍ തങ്ങളുടെ പുതിയ 5ജി നെറ്റ് വര്‍ക്കിന് സാധിക്കുമെന്ന് എയര്‍ടെല്‍ പറഞ്ഞു. 5ജി ഫോണില്‍ ഹൈദരാബാദില്‍ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഒരു മുഴുവന്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചുവെന്നും എയര്‍ടെല്‍ പറഞ്ഞു.

ആവശ്യമായ സ്‌പെക്രവും സര്‍ക്കാര്‍ അനുമതിയും ലഭിക്കുന്നതോടെ പൂര്‍ണമായ 5ജി അനുഭവം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. 

ജിയോയും 5ജി പരീക്ഷണം ആരംഭിച്ചു

എയര്‍ടെലിന്റെ ഏറ്റവും വലിയ എതിരാളിയായ റിലയന്‍സ് ജിയോയും ഇന്ത്യയില്‍ 5ജി പരീക്ഷണം ആരംഭിച്ചതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം തന്നെ രാജ്യത്ത് 5ജി അവതരിപ്പിക്കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം. 

Content Highlights: airtel successfully demonstrates live 5G services in hyderabad