മൊബൈല്‍ പ്രീപെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. 20 മുതല്‍ 25 ശതമാനം വരെയാണ് വര്‍ധനവുണ്ടാവുക. ഡാറ്റാ ടോപ്പ് അപ്പ് പ്ലാനുകളിലും 20 ശതമാനം വര്‍ധനവുണ്ട്. 

'സാമ്പത്തികാരോഗ്യം' കണക്കിലെടുത്ത് നിരക്ക് വര്‍ധിപ്പിക്കാതെ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. 200 രൂപയെങ്കിലും ഒരു ഉപയോക്താവില്‍നിന്ന് ശരാശരി പ്രതിമാസം വരുമാനമായി ലഭിച്ചാല്‍മാത്രമെ മുന്നോട്ടുപോകാന്‍ കഴിയൂ എന്നാണ് കമ്പനി പറയുന്നത്.  നവംബര്‍ 26 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. 

ജിയോ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം വരിക്കാരുള്ള ടെലികോം സേവനദാതാവാണ് എയര്‍ടെല്‍. കമ്പനിയ്ക്ക് തങ്ങളുടെ ലാഭം നോക്കാതെ തരമില്ല എങ്കിലും ഈ നിരക്ക് വര്‍ധന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പോക്കറ്റ് കാലിയാകുന്ന ഏര്‍പ്പാടാണ്. 

എങ്കിലും ഈ നിരക്ക് വര്‍ധനയില്‍ നിന്ന് കുറച്ചു നാളെങ്കിലും മറികടന്നു നില്‍ക്കാന്‍ ഒരു വഴിയുണ്ട്. നവംബര്‍ 26 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. അതായത് പഴയ നിരക്ക് ഇനിയും കുറച്ച് നാള്‍ കൂടി ലഭിക്കും. 

1.5 ജിബി ഡാറ്റാ പ്ലാനുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഈ നിരക്ക് വര്‍ധന മറികടക്കാനുള്ള ഒരു വഴി എയര്‍ടെലിന്റെ വാര്‍ഷിക പ്ലാനുകളിലേക്ക് മാറുക എന്നുള്ളതാണ്.

അതിന് സാധിക്കാത്തവര്‍ക്ക് 84 ദിവസത്തെ പ്ലാനുകളെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. പഴയ നിരക്കുകള്‍ അത്രയും നാള്‍കൂടി ഉപയോഗിക്കാമല്ലോ.

വാർഷിക പ്ലാനുകൾ

ഇപ്പോള്‍ നിലവിലുള്ള എയര്‍ടെലിന്റെ വാര്‍ഷിക പ്ലാനായ 1498 രൂപയുടെ പ്ലാന്‍ നിരക്ക് വര്‍ധിക്കുമ്പോള്‍ 1799 രൂപയാവും. ഈ പ്ലാനിനൊപ്പം ആകെ 24 ജിബി ഡാറ്റയും 3600 എസ്എംഎസും അണ്‍ലിമിറ്റഡ് കോളും ലഭിക്കും.

മറ്റൊരു വാര്‍ഷിക പ്ലാന്‍ 2498 രൂപയുടേതാണ്. ഈ പ്ലാന്‍ നിരക്ക് ഉയരുമ്പോള്‍ 2999 രൂപയാവും. ഈ പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും.

ഇത് കൂടാതെ 84 ദിവസത്തെ പ്ലാനുകളും റീച്ചാര്‍ജ് ചെയ്യാവുന്നതാണ്. മൂന്ന് മാസത്തേക്ക് അധിക നിരക്കില്‍ നിന്ന് രക്ഷപ്പെടാമല്ലോ!

379 രൂപയുടെ പ്ലാനാണ് അതിലൊന്ന്. 84 ദിവസത്തെ വാലിഡിറ്റിയില്‍ ആറ് ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് കോള്‍, 900 എസ്എംഎസ് എന്നിവ ലഭിക്കും. ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ഫ്രീ ട്രയല്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 

598 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ആസ്വദിക്കാം. ദിവസേന നൂറ് എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ഫ്രീ ട്രയല്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 

698 രൂപയുടെ പ്ലാനില്‍ രണ്ട് ജിബി ഡാറ്റയാണ് ദിവസേന ലഭിക്കുക. ഇത് കൂടാതെ ദിവസേന നൂറ് എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ഫ്രീ ട്രയല്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 

Content Highlights: Bharto Airtel Tariff hike, How to overcom, Yearly plans, New Tariff Rates