ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് അധിക നാളുകളായില്ല. അപ്പോഴേക്കും അതിനെ വെല്ലുവിളിക്കാന്‍ പുതിയ ഓഫറുമായെത്തിയിരിക്കുകയാണ് ജിയോയുടെ പ്രധാന എതിരാളി എയര്‍ടെല്‍. 

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ജിയോ അവതരിപ്പിച്ച 799 രൂപയുടെ പ്ലാനിന് തുല്യമായ ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡാറ്റ നിരക്കില്‍ 84 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഈ ഓഫറിനൊപ്പം സൗജന്യ ലോക്കല്‍ എസ്ടിഡി വിളികളും ഉണ്ടാവും. 28 ദിവസമാണ് കാലപരിധി. 

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 799 രൂപയുടെ ഓഫറിനൊപ്പം പ്രതിദിനം 3 ജിബി ഡാറ്റയും സൗജന്യ വിളികളും എസ്എംഎസും ഒപ്പം ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനുമാണ് ജിയോ നല്‍കുന്നത്. 

എയര്‍ടെലിന്റെ അണ്‍ലിമിറ്റഡ് കോള്‍ ഓഫറില്‍ പ്രതിദിനം 250 മിനിറ്റ് അല്ലെങ്കില്‍ ആഴ്ചയില്‍ 1000 മിനിറ്റ് എന്ന ഉപയോഗ പരിധിയുണ്ടാവും. എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 75 ശതമാനം കാഷ്ബാക്കും ലഭിക്കും. 

രാജ്യത്തെ ടെലികോം രംഗത്ത് കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. റിലയന്‍സ് ജിയോ തുടക്കംകുറിച്ച ഈ മത്സരത്തില്‍ ശക്തമായി തന്നെ ഏറ്റുമുട്ടാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍. ജിയോയെ നേരിടാന്‍ രാജ്യവ്യാപകമായി 4 ജി വോള്‍ടി സേവനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് എയര്‍ടെല്‍ ഇപ്പോള്‍.