ന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ക്കുള്ള ടെലികോം സേവനങ്ങള്‍ ഇനി റിലയന്‍സ് ജിയോ നല്‍കും. ജനുവരി ഒന്ന് മുതലാണ് ജിയോ റെയില്‍വേയ്ക്ക് വേണ്ടിയുള്ള സേവനങ്ങള്‍ ആരംഭിക്കുക. ഇതോടെ എയര്‍ടെലിന് റെയില്‍വേയുമായുണ്ടായിരുന്ന കരാര്‍ നഷ്ടമായി. കഴിഞ്ഞ ആറ് വര്‍ഷമായി ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് സ്‌കീമില്‍ (സിയുജി) രാജ്യത്തെമ്പാടുമുള്ള ജീവനക്കാരുടെ 1.95 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ക്കായി എയര്‍ടെല്‍ സേവനമാണ് റെയില്‍വേ ഉപയോഗിക്കുന്നത്. ഇതിന് വേണ്ടി വര്‍ഷം 100 കോടിയോളം രൂപ ബില്ലായി നല്‍കുന്നുണ്ട്. എയര്‍ടെലിന്റെ സേവന കാലാവധി ഡിസംബര്‍ 31 നാണ് അവസാനിക്കുക.

ഒരു പ്രത്യേക സംഘം ആളുകള്‍ക്കിടയില്‍ സൗജന്യമായി ഫോണ്‍വിളിക്കാനും സ്വീകരിക്കാനും സാധിക്കും വിധം മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍  നല്‍കുന്ന അനുബന്ധ സേവനമാണ് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്  (സിയുജി). എസ്.എം.എസും ഈ സേവന പരിധിയില്‍ വരും.

റെയില്‍വേയുമായുണ്ടാക്കിയ പുതിയ കരാര്‍ അനുസരിച്ച് റിലയന്‍സ് ജിയോ എയര്‍ടെലിനേക്കാള്‍ മികച്ച വാഗ്ദാനങ്ങളാണ് നല്‍കുന്നത്. 4ജി കണക്ഷനുകളും ഫോണ്‍കോളും റിലയന്‍സ് സൗജന്യമായി നല്‍കും. 

നാല് പാക്കേജുകളാണ് ജിയോ റെയില്‍വേയ്ക്ക് നല്‍കുന്നത്. റെയില്‍വേയുടെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് (2% ഉപയോക്താക്കള്‍) 125 രൂപ പ്രതിമാസ നിരക്കില്‍ 60 ജിബി ഡാറ്റ നല്‍കും. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് (26% ഉപയോക്താക്കള്‍) 99 രൂപ പ്രതിമാസ നിരക്കില്‍ 40 ജിബി ഡാറ്റ ലഭിക്കും.  ഗ്രൂപ്പ് സി  ജീവനക്കാര്‍ക്ക് (72 % ഉപയോക്താക്കള്‍) 67 രൂപ നിരക്കില്‍ 30 ജിബിയുടെ പ്ലാന്‍ ഉപയോഗിക്കാം. ഇത് കൂടാതെ എസ്എംഎസിനായി 49 രൂപയുടെ പ്രതിമാസ പ്ലാനും റിലയന്‍സ് ജിയോ നല്‍കും.

സാധാരണ ഉപയോക്താക്കള്‍ക്ക് 199 രൂപയ്ക്ക് 25 ജിബി ഡാറ്റ പ്ലാന്‍ ആണ് ജിയോ ലഭ്യമാക്കിയിട്ടുള്ളത്. പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഒരു ജിബിയ്ക്ക് 20 രൂപയുടെ ടോപ്പ് അപ്പ് സൗകര്യവും നല്‍കുന്നു. എന്നാല്‍ റെയില്‍വേ ജീവനക്കാര്‍ക്ക് പത്ത് രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ രണ്ട് ജിബി അധിക ഡാറ്റ ലഭിക്കും.

നിലവില്‍ റെയില്‍വേ ജീവനക്കാര്‍ സിയുജി സ്‌കീമിന് പുറത്തുള്ളവരെ വിളിക്കുമ്പോള്‍ എയര്‍ടെല്‍ പ്രത്യേകം തുക ഈടാക്കുന്നുണ്ട്. എന്നാല്‍ സിയുജി പരിധിയില്‍ ഉള്‍പ്പെടാത്ത നമ്പറുകളിലേക്ക് വിളിച്ചാലും റിലയന്‍സ് ജിയോ പ്രത്യേകം നിരക്ക് ഈടാക്കില്ല. കൂടാതെ എയര്‍ടെല്‍ നല്‍കിവരുന്നതിനേക്കാള്‍ കുറഞ്ഞനിരക്കിലുള്ള 4ജി ഡാറ്റാ സേവനമാണ് ജനുവരി മുതല്‍ റെയില്‍വേയ്ക്ക് ലഭിക്കുക.

1.95 ലക്ഷം ഉപയോക്താക്കള്‍ക്കാണ് എയര്‍ടെല്‍ സേവനം നല്‍കിവരുന്നത്. എന്നാല്‍ 3.78 ലക്ഷം ഉദ്യേഗസ്ഥര്‍ക്ക് റിലയന്‍സ് സേവനങ്ങള്‍ ലഭ്യമാവും. ആളുകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ സേവന ദാതാവുമായി മികച്ച ഇടപാടാണ് ഉള്ളതെന്നും. ഇതിനിന്റെ ഫലമായി 35 ശതമാനത്തോളം ബില്‍ ചിലവ് കുറയ്ക്കാന്‍ തങ്ങള്‍ക്കാവുമെന്നും ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlights: airtel lost contract reliance jio ro serve railways