പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ മുന്നേറ്റം തുടര്‍ന്ന് എയര്‍ടെല്‍. ഒക്ടോബറില്‍ 36.7 ലക്ഷത്തിലധികം പുതിയ വയര്‍ലെസ് ഉപയോക്താക്കളെയാണ് എയര്‍ടെലിന് ലഭിച്ചത്. ട്രായ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. റിലയന്‍സ് ജിയോയേക്കാള്‍ 14.5 ലക്ഷം അധികം വരിക്കാരെയാണ് എയര്‍ടെലിന് ലഭിച്ചത്.  22.2 ലക്ഷം പുതിയ വരിക്കാരെയാണ് ഒക്ടോബറില്‍ ജിയോയ്ക്ക് ലഭിച്ചത്. 

സജീവ ഉപയോക്താക്കളുടെ കാര്യത്തിലും എയര്‍ടെല്‍ തന്നെയാണ് മുന്നിലുള്ളത്. 96.74 ശതമാനം സജീവ ഉപയോക്താക്കളാണ് എയര്‍ടെലിനുള്ളത്. 

ഇതോടെ ഒക്ടോബറില്‍ എയര്‍ടെലിന്റെ ആകെ വരിക്കാരുടെ എണ്ണം 33.02 കോടിയായി വര്‍ധിച്ചു. സെപ്റ്റംബറില്‍ 32.66 കോടിയായിരുന്നു ഉണ്ടായിരുന്നത്. അതായത് 36.7 ലക്ഷം പുതിയ ഉപയോക്താക്കളെ ഒറ്റ മാസം കൊണ്ട് എയര്‍ടെലിന് കിട്ടി. ഈ കാലയളവില്‍ മറ്റൊരു കമ്പനിയ്ക്കും ഇങ്ങനെ ഒരു നേട്ടമുണ്ടായിട്ടില്ല. 

അതേസമയം, ജിയോ തന്നെയാണ് ഇന്ത്യന്‍ ടെലികോം രംഗത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള സേവനം. 40.65 കോടി ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്. 

എയര്‍ടെലും ജിയോയും നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ വോഡഫോണ്‍ ഐഡിയയ്ക്ക് ഉപയോക്താക്കളെ വലിയ തോതില്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. 26.5 ലക്ഷം വരിക്കാരെ ഒക്ടോബറില്‍ നഷ്ടമായി. ഇതുവഴി വോഡഫോണ്‍ ഐഡിയയുടെ ആകെ വരിക്കാരുടെ എണ്ണം 29.28 കോടിയിലേക്ക് താണു. 

ബിഎസ്എന്‍എലിന് 10,215 വയര്‍ലെസ് ഉപയോക്താക്കളെ നഷ്ടമായി. 11.89 കോടി വരിക്കാരാണ് ബിഎസ്എന്‍എലിന് ആകെയുള്ളത്. 

സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ എയര്‍ടെല്‍ മുന്നിട്ടു നിന്നപ്പോള്‍ 88.78 ശതമാനം ഉപയോക്താക്കളുമായി വോഡഫോണ്‍ ഐഡിയയാണ് രണ്ടാമത്. 78.59 ശതമാനം സജീവ ഉപയോക്താക്കളുള്ള ജിയോ മൂന്നാമതാണ്. 67.38 ശതമാനം സജീവ ഉപയോക്താക്കളുമായി ബിഎസ്എന്‍എല്‍ തൊട്ടുപിന്നിലുണ്ട്. 

Content Highlights: airtel beats jio vi adding more than 36.7 lakh new subscribers within a month