ന്യൂഡല്‍ഹി: എട്ട് രൂപയുടെയും 19 രൂപയുടേയും പുതിയ താരിഫ് ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 15 പൈസ നിരക്കും മറ്റ് നമ്പറുകളിലേക്ക് മിനിറ്റിന് 30 പൈസ നിരക്കുമാണ് ഈ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്. എട്ട് രൂപയുടെ പ്ലാനിന് ഒരുമാസമാണ് വാലിഡിറ്റി. അതേസമയം 19 രൂപയുടേതിന് 90 ദിവസം വാലിഡിറ്റിയുണ്ടാവും.

ഇന്ത്യന്‍ ടെലകോം വിപണിയില്‍ റിലയന്‍സ് ജിയോയുടെ വരവിന് ശേഷം ആരംഭിച്ച വിവിധ കമ്പനികള്‍ തമ്മിലുള്ള മത്സരത്തില്‍ സജീവമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലും. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ വലിയ ഡാറ്റാ വോയ്‌സ് ഓഫറുകളാണ് ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

ഈ ആഴ്ച ആദ്യം പ്ലാന്‍ 429 എന്ന പേരില്‍ ഒരു വോയ്‌സ്/ഡാറ്റാ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ദിവസം 1ജിബി ഡാറ്റവീതം 90 ദിവസത്തേക്കും ലഭിക്കും. 

ഒരുവര്‍ഷം പൂര്‍ത്തിയാവുന്ന റിലയന്‍സ് ജിയോ 13 കോടിയ്ക്കടുത്ത് ഉപയോക്താക്കളെയാണ് നേടിയത്. ജിയോഫോണ്‍ കൂടി പ്രചാരത്തിലെത്തുന്നതോടെ ഇത് ഇനിയും വര്‍ധിക്കും. എന്തായാലും ജിയോയുടെ വരവ് വോയ്‌സ് ഡാറ്റാ താരിഫുകള്‍ കുറയ്ക്കാന്‍ മറ്റ് കമ്പനികളെയും നിര്‍ബന്ധിതമാക്കിയാണുണ്ടായത്.