കദേശം ആറ് മാസത്തിനുള്ളില്‍ ആറ് കോടിയോളം ഉപയോക്താക്കള്‍ തങ്ങളുടെ പേരിലുള്ള മോബൈല്‍ കണക്ഷനുകള്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ഡ്യുവല്‍ സിം ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി ഒരു സിം കാര്‍ഡ് മാത്രം ഉപയോഗിക്കുന്ന രീതി ഉപയോക്താക്കള്‍ക്കിടയില്‍ കൂടിവരുന്നുണ്ടെന്ന് എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ രണ്ട് നമ്പറുകളുള്ള പലരും ഒരു കണക്ഷന്‍ ഒഴിവാക്കാനാണ് സാധ്യത.

അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഓ.എ.ഐ.) ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യുവിന്റെ വാക്കുകളും എക്കണോമിക്‌സ് ടൈംസ് ഉദ്ധരിക്കുന്നുണ്ട്.

ടെലികോം കമ്പനികള്‍ വ്യത്യസ്തങ്ങളായ നിരക്കുകളും സൗജന്യങ്ങളും നല്‍കി വന്നതാണ് പലപ്പോഴും ആളുകള്‍ ഡ്യുവല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കാരണം. ഉദാഹരണത്തിന് എയര്‍ടെല്‍ കുറഞ്ഞ നിരക്കില്‍ സൗജന്യ ഫോണ്‍ വിളിയാണ് വാഗ്ദാനം ചെയ്തതെങ്കില്‍ വോഡഫോണ്‍ കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കുന്നു. അപ്പോള്‍ ആളുകള്‍ രണ്ടും ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു. ഒന്ന് ഡേറ്റയ്ക്കും മറ്റൊന്ന് ഫോണ്‍ വിളിക്കാനും. 

എന്നാല്‍ ഫോണ്‍വിളി, ഇന്റര്‍നെറ്റ് ഡേറ്റ, എസ്എംഎസ് എന്നിവയെല്ലാം ദീര്‍ഘനാള്‍ പരിധിയില്‍ ഇന്ന് കുറഞ്ഞ നിരക്കില്‍ ഒരു കമ്പനി തന്നെ നല്‍കിവരുന്നുണ്ട്. റിലയന്‍സ് ജിയോ തുടങ്ങിവെച്ച രീതി ഇപ്പോള്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികളും അതേ പടി അനുകരിച്ച് വരികയാണ്. 

സമാനമായ നിരക്കില്‍ തന്നെ ഇന്ന് മുന്‍നിര കമ്പനികളെല്ലാം ഡേറ്റ, ഫോണ്‍കോള്‍, എസ്എംഎസ് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. എല്ലാ ആനുകൂല്യങ്ങളും ഒറ്റ നമ്പറില്‍ തന്നെ ലഭിക്കുന്നതിനാല്‍ ഒരു നമ്പര്‍ തന്നെ ധാരാളം എന്ന കാഴ്ചപ്പാട് വളര്‍ന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Content Highlights: 6 crore mobile connections in India to drop in six months