ക്ഷിണ കൊറിയയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം ഇക്കഴിഞ്ഞ നവംബര്‍ മാസത്തോടെ ഒരു കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ 5ജി വരിക്കാരുടെ എണ്ണം നവംബര്‍ മാസം 1.09 കോടി എത്തിയെന്ന് ഐ.ടി. മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതോടെ ദക്ഷിണ കൊറിയയിലെ ആകെയുള്ള 7.05 കോടി മൊബൈല്‍ വരിക്കാരില്‍ 15.5 ശതമാനം 5ജി വരിക്കാരായി മാറി. 

ആപ്പിളിന്റെ ഐഫോണ്‍ 12 പരമ്പര ഉള്‍പ്പടെയുള്ള പുതിയ 5ജി സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് 5ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. 

വാണിജ്യാടിസ്ഥാനത്തില്‍ 5ജി ലഭ്യമാക്കിയ ആദ്യരാജ്യമാണ് ദക്ഷിണ കൊറിയ. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അതിവേഗത്തിലാണ് രാജ്യത്തെ 5ജി വികാസം. 4ജി എല്‍ടിഇ നെറ്റ്വര്‍ക്കിനേക്കാള്‍ 20  ഇരട്ടി വേഗത 5ജിയ്ക്ക് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. 

എങ്കിലും ദക്ഷിണ കൊറിയയില്‍ ഇത്രയും വേഗത കൈവരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടുത്തെ 5ജി ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 690.47 എംബിയാണ്. ഇത് 4ജി എല്‍ടിഇയേക്കാള്‍ നാലിരട്ടി മാത്രമാണുള്ളത്. 

ഇവിടുത്തെ പ്രാദേശിക ടെലികോം സേവന ദാതാക്കള്‍ പുതിയ 5ജി സാങ്കേതികവിദ്യകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കി ഗുണമേന്മയും വേഗവും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

അതേസമയം, കഴിഞ്ഞ മാസം 4 ജി എല്‍ടിഇ വരിക്കാരുടെ എണ്ണം 53.3 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ മാസത്തേക്കാള്‍ 680,000 പേരുടെ ഇടിവാണുണ്ടായത്. 

Content Highlights: 5G users increase in south korea report reached 1.09 crore