രാജ്യത്ത് 5ജി വിന്യാസം വൈകുന്നതിന് ടെലികോം മന്ത്രാലയത്തെ വിമര്‍ശിച്ച് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി പാനല്‍. സുപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കുന്നില്ലെങ്കില്‍ 2ജി, 3ജി, 4ജി ബസുകള്‍ കൈവിട്ടപോലെ 5ജി അവസരങ്ങളും ഇന്ത്യ കൈവിടാന്‍ പോവുകയാണെന്ന് പാനല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 2022 തുടക്കത്തില്‍ രാജ്യത്ത് 5ജി ശൃംഖല വിന്യാസം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനെ (ഡിഒടി) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റപ്പെടുത്തി.
മാര്‍ച്ച് ഒന്നിന് 3.92 ലക്ഷം കോടിയുടെ സ്‌പെക്ട്രം ലേലം ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 5ജി സേവനങ്ങള്‍ക്കാവശ്യമായ ഫ്രീക്വന്‍സി എത്രയാണെന്ന് പറഞ്ഞിട്ടില്ല.
2021 അവസാനത്തോടെയോ 2022 തുടക്കത്തിലോ ആവും 5ജി സേവനം ലഭ്യമാക്കിത്തുടങ്ങുക. ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇത് ലഭ്യമാക്കുക. കാരണം അഞ്ചോ ആറോ വര്‍ഷത്തേക്ക് എങ്കിലും ഇന്ത്യയില്‍ 4ജി തുടരണമെന്ന് പാര്‍ലമെന്ററി പാനല്‍ പറഞ്ഞു.
ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മറ്റി.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യ ആരംഭ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ല. 5ജി അവതരിപ്പിക്കുന്നതിലെ കാലതാമസം ആസൂത്രണത്തിലും നടപ്പില്‍വരുത്തുന്നതിലുമുള്ള അപര്യാപ്തത വെളിവാക്കുന്നുവെന്നും പാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2020 ജനുവരിയില്‍ തന്നെ ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജിയ്ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി പാനലിന് മുമ്പാകെ കമ്പനികള്‍ ആശങ്ക അറിയിച്ചിരുന്നു. 5ജി പരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പോലും വ്യക്തമല്ല. പരീക്ഷണാടിസ്ഥാനത്തില്‍ 5ജി ആരംഭിക്കാനുള്ള തീയതിയും തീരുമാനിച്ചിട്ടില്ല.
2021 ഒക്ടോബറില്‍ 5ജി പരീക്ഷണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ടെലികോം മന്ത്രാലം പാനലിനെ അറിയിച്ചിരിക്കുന്നത്.
Content Highlights: 5G to roll out in India by early-2022