429 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ദിവസവും 1 ജിബി ഡാറ്റ എന്ന നിലയില്‍ 90 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഈ ഓഫറിനൊപ്പം ഉണ്ടാവുക. കൂടാതെ മറ്റേത് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി ലോക്കല്‍ എസ്ടിഡി കോളുകള്‍ വിളിക്കാം. പക്ഷെ കേരളത്തില്‍ ഈ ഓഫര്‍ ലഭിക്കില്ല.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി എയര്‍ടെല്‍ ഒരുകൂട്ടം ഓഫറുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5 രൂപയില്‍ തുടങ്ങി 399 രൂപ വരെയുള്ള ഡാറ്റാ വോയ്‌സ് കോള്‍ പ്രീപെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ വരവോടെ ഇന്ത്യന്‍ ടെലികോം വിപണിയില്‍ വലിയ മത്സരമാണുള്ളത്. ഡാറ്റയും വോയ്‌സ് കോള്‍ ഓഫറുകളും വാരിക്കോരി നല്‍കി വിപണിയില്‍ പ്രാമുഖ്യം നേടാനുള്ള ശ്രമത്തിലാണ് ഓരോ ടെലികോം കമ്പനിയും. സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലും വിപണിയിലെ ഈ മത്സരത്തില്‍ നിന്നും മാറിനില്‍ക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ഓഫറുകള്‍.

4 ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത ബിഎസ്എന്‍എല്‍ 5 ജി വരെയുള്ള ഡാറ്റാ സേവനങ്ങള്‍ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളാണ് വരും നാളുകളില്‍ നടപ്പാക്കാന്‍ പോവുന്നത്.