കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനം ദാതാക്കളിലോന്നായ വോഡഫോണും ഇ-കൊമേഴ്‌സ് സ്ഥാപനം ഫ്‌ളിപ്കാര്‍ട്ടും ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളാണ് ലഭ്യമാക്കുക. 

മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രചാരണത്തിന്റെ 'ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ട് ഫോണുകള്‍ വില്‍ക്കുക. ഇതില്‍ തിരഞ്ഞെടുത്ത എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ്‍ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്.

വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍  ഈ ഓഫര്‍ ലഭിക്കും. 

ഉപഭോക്താക്കള്‍ പ്രതിമാസം 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസം റീചാര്‍ജ് ചെയ്താലാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക (ഒരു മാസം കുറഞ്ഞത് ആകെ 150 രൂപയുടെ പല വിഭാഗത്തിലുളള  റീചാര്‍ജുകള്‍ ആകാം). 18 മാസങ്ങള്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്താല്‍ 900 രൂപയും, പിന്നീട് ഉള്ള 18 മാസം റീചാര്‍ജ് ചെയ്താല്‍ 1,100 രൂപയും ക്യാഷ് ബാക്ക് ആയി ലഭിക്കും, അങ്ങനെ മൊത്തം 2000 രൂപയുടെ  ക്യാഷ് ബാക്ക് ലഭിക്കും. ഈ തുക വോഡഫോണിന്റെ എം-പെസ വാലറ്റിലേക്ക് നിക്ഷേപിക്കും, ഈ തുക  ഉപഭോക്തളുടെ സൗകര്യമനുസരിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ പിന്‍വലിക്കുകയോ ചെയ്യാം.   

തങ്ങളുടെ പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വോഡഫോണ്‍ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഘോസ്‌ല പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ 'ഭാഗമായാണ് ഈ പദ്ധതിയെന്നും, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ താല്പര്യം ഉണ്ടായിട്ടും അതു വാങ്ങാന്‍ ശേഷി ഇല്ലാത്ത ആളുകള്‍ക്കുള്ള ഏറ്റവും വലിയ നേട്ടമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. 4ജി ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് അതിലേക്ക് അപ്‌ഗ്രേഡ് ചെയ്ത്  വോഡഫോണ്‍ സൂപ്പര്‍ നെറ്റ് 4ജി ആസ്വദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Vodafone and Flipkart partner to offer entry 4G smartphones at an unbeatable price of just Rs.999