വെളുത്തവരേയും ഏഷ്യക്കാരേയും ജോലിയിയില്‍ പ്രവേശിപ്പിക്കാതെ ഗൂഗിള്‍ നിരസിക്കുകയാണെന്ന് ആരോപണം. കമ്പനിയിലെ ജീവനക്കാര്‍ക്കിടയില്‍ വൈവിധ്യം ഉറപ്പുവരുത്തുന്നതിനായി വെളുത്തവരേയും ഏഷ്യന്‍ വംശജരേയും കമ്പനി മനപ്പൂര്‍വം അവഗണിക്കുകയാണെന്ന് ഒമ്പത് വര്‍ഷത്തോളം ഗൂഗിളിലെ യൂട്യൂബ് റിക്രൂട്ടര്‍ ആയി ജോലി ചെയ്തിരുന്ന ആണ്‍ വില്‍ബര്‍ഗ് ആരോപിക്കുന്നു.

സ്ത്രീകളെയും, കറുത്തവരെയും, സ്‌പെയിന്‍ ലാറ്റിനമേരിക്കന്‍ ഉദ്യോഗാര്‍ത്ഥികളെയും മാത്രം ജോലിക്കെടുത്താല്‍ മതിയെന്ന് റിക്രൂട്ടര്‍മാരില്‍ ഗൂഗിള്‍ സമ്മര്‍ദം ചെലുത്തുകയാണെന്നാരോപിച്ച്  ജനുവരിയില്‍ വില്‍ബെര്‍ഗ് ഗൂഗിളിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. ഈ നിലപാടുകള്‍ക്കെതിരെ നിന്നതിന് ഗൂഗിള്‍ തനിക്കെതിരായിരുന്നുവെന്നും പിന്നീട് 2017 നവംബറില്‍ തന്നെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

വിവേചനപരമായ നിയമനച്ചട്ടങ്ങള്‍ നടപ്പാക്കിയതിനെതിരേ ഗൂഗിളിനും പേര് വെളിപ്പെടുത്താത്ത 25 ഗൂഗിള്‍ ജീവനക്കാര്‍ക്കുമെതിരേയാണ് വില്‍ബര്‍ഗിന്റെ ഹര്‍ജി. ഇതിന് തെളിവായി നിരവധി ഈമെയില്‍ സന്ദേശങ്ങളും രേഖകളും വില്‍ബര്‍ഗ് നല്‍കിയിട്ടുണ്ട്.

സാങ്കേതികതലങ്ങളില്‍ കഴിഞ്ഞ എത്രയോ കാലമായി ചരിത്രപരമായി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ മാത്രമാണ് ഗൂഗിള്‍ നിയമിക്കുന്നത്. ഇത്തരം വിഭാഗങ്ങളില്‍ നിന്നുള്ളവരും നിശ്ചിത പ്രവൃത്തി പരിചയം ഇല്ലാത്തവരുമായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഹര്‍ജിയില്‍ കുറ്റാരോപിതരായ ജീവനക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വില്‍ബെര്‍ഗ് ആരോപിക്കുന്നു. കാലിഫോര്‍ണിയ തൊഴില്‍ നിയമം അനുസരിച്ച് വംശത്തിന്റേയോ ലിംഗത്തിന്റേയോ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ പാടില്ല. 

ഗൂഗിളിന്റെ ഈ നയങ്ങള്‍ക്കെതിരെ നിരവധി ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം കമ്പനി അവഗണിക്കുകയോ സ്ഥലം മാറ്റുകയോ തരം താഴ്ത്തുകയോ ആണ്. പാര്‍ശ്വവത്കൃത വിഭാഗങ്ങളില്‍ നിന്നുള്ള ചില ജീവനക്കാര്‍ക്ക് ഗൂഗിളിന്റെ 'പ്രൊജക്റ്റ് മിറര്‍' എന്ന പദ്ധതിയില്‍ അസ്വസ്ഥതയുണ്ട്. പാര്‍ശ്വവത്കൃത വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം നടത്താന്‍ അതേ വിഭാഗത്തില്‍ പെട്ട ആളുകളെ തന്നെ ചുമതലപ്പെടുത്തുന്ന പദ്ധതിയാണിത്. മാനേജര്‍മാര്‍ പലപ്പോഴും ഒരു വസ്തു എന്ന നിലയിലാണ് കറുത്തവരെ കുറിച്ച് സംസാരിക്കുന്നതെന്ന് ഒരാള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വില്‍ബെര്‍ഗ് പറയുന്നു.

അതേസമയം ഉദ്യോഗ നിയമനത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ നയങ്ങളുണ്ടെന്നും അത് മെറിറ്റ് അടിസ്ഥാനത്തിലാണ് അവരുടെ പ്രത്യേകതകള്‍ അനുസരിച്ചല്ലെന്നുമാണ് ഗൂഗിള്‍ ദി വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ വിശദീകരണം. അതേസമയം പാര്‍ശ്വവത്കൃത വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ യാതൊരു മടിയുമില്ലാതെ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അതുവഴി മികച്ച ആളുകളെ കണ്ടെത്താനും തങ്ങളുടെ സംസ്‌കാരവും വൈവിധ്യവും മെച്ചപ്പെടുത്താനും മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും സാധിക്കുന്നുണ്ടെന്നും ഗൂഗിള്‍ പറയുന്നു.

2017 ലെ കണക്കനുസരിച്ച് ഗൂഗിള്‍ 69 ശതമാനം ജീവനക്കാരും പുരുഷന്മാരാണ്. 2014 ല്‍ ഇത് 70 ശതമാനം ആയിരുന്നു. മാത്രവുമല്ല ജീവനക്കാരില്‍ 91 ശതമാനം വെളുത്തവരും ഏഷ്യന്‍ വിഭാഗക്കാരുമാണ്. ശതമാനക്കണക്കില്‍ മാത്രമാണ് നേരിയ കുറവുള്ളത്. 

അതേസമയം വെളുത്തവരെ അവഗണിക്കുന്നുവെന്നാരോപിച്ച് നേരത്തെ രണ്ടുപേര്‍ ഗൂഗിളിനെതിരെ പരാതി നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് തുല്യവരുമാനം നല്‍കുന്നില്ലെന്നും, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഗൂഗിളിനെതിരെ ഉയരുന്നുണ്ട്.

Content Highlights: YouTube recruiter sues Google for allegedly refusing to hire white and Asian men