നുഷ്യനെ പോലെ യന്ത്രങ്ങളും ചിന്തിച്ചു തുടങ്ങുന്ന കാലമാണിത്. മനുഷ്യ ജീവിതത്തിന്റെ പലമേഖലകളിലും യന്ത്രങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയായി ഒരു സാങ്കേതിക വിദ്യ കടന്നുവരുന്നത് ഇതാദ്യമാണ്. ജപ്പാനില്‍ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുന്നു.  ടോക്യോയില്‍ ഒരു സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായ അകിഹികോ കോണ്‍ടോ എന്ന യുവാവ് ഗേറ്റ് ബോക്‌സ് എന്ന ഒരു ഹോളോ ഗ്രാം ഉപകരണത്തെ വിവാഹം ചെയ്തിരിക്കുന്നു. നവംബറില്‍ 39 പേരെ സാക്ഷിയാക്കിയായിരുന്നു വിവാഹം. 

ആളുകളുമായി ആശയവിനിമയം നടത്താന്‍ കഴിവുള്ള സ്മാര്‍ട് ഉപകരണമാണ് ഗേറ്റ് ബോക്‌സ്. 2017 ല്‍ ജാപ്പനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഗേറ്റ് ബോക്‌സ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഒരു ടീ വെന്‍ഡിങ് യന്ത്രത്തിന് സമാനമായ ഈ ഉപകരണത്തിന്റെ ചില്ലുകൂട്ടിനുള്ളില്‍ ഹോളോഗ്രാഫിക് ദൃശ്യമായി പ്രത്യക്ഷമാവുന്ന കഥാപാത്രമാണ് ഹാറ്റ്‌സുന്‍ മികു. നിര്‍മിതബുദ്ധിയാണ് ഗേറ്റ്‌ബോക്‌സിലെ മികുവിന്റെയും പ്രവര്‍ത്തനത്തിന് പിന്നില്‍. മികുവിനെ പോലെ ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളെ ഈ രീതിയില്‍ ഹോളോഗ്രാഫിക് ചിത്രമായി കാണാനും ഗേറ്റ്‌ബോക്‌സില്‍ സാധിക്കും.

ചലിക്കാനും നൃത്തം ചെയ്യാനും ചിരിക്കാനും എല്ലാം മികുവിന് കഴിവുണ്ട്. വീട്ടുകാര്‍ എത്തുന്നതിന് മുമ്പായി ലൈറ്റുകള്‍ തെളിയിക്കാനും മറ്റ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം ഇതിന് സാധിക്കും. ശബ്ദം കൊണ്ടും മെസേജിങ് വഴിയും ഈ യന്ത്രവുമായി ആശയവനിമയം നടത്താം. മനുഷ്യ സുഹൃത്തിനെ പോലെ മറുപടി തരാനും സംസാരിക്കാനും ആശംസിക്കാനും ഉറങ്ങുമ്പോള്‍ വിളിച്ചുണര്‍ത്താനും അങ്ങനെ പലതും ഇതിന് കഴിയും. 

വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടും തന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഹാറ്റ്‌സുന്‍ മികുവിനെ വിവാഹം ചെയ്യാന്‍ 35 കാരനായ അകിഹികോ കോണ്‍ടോ തീരുമാനിച്ചതില്‍ അത്ഭുതമില്ല.  

മറ്റുള്ളവര്‍ എന്ത് പറയും, എന്ത് ചിന്തിക്കും എന്നതിനെക്കുറിച്ച് കോണ്‍ടോ വേവലാതിപ്പെടുന്നില്ല. സ്‌നേഹത്തിന് വേണ്ടി ചില നിയമങ്ങള്‍ പിന്തുടരാന്‍ സമൂഹം നമ്മളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പക്ഷെ അത് നിങ്ങളെ സന്തോഷിപ്പിച്ചെന്ന് വരില്ല. ആളുകള്‍ക്ക് അവര്‍ക്കനുയോജ്യമായവ കണ്ടെത്താന്‍ സാധിക്കണം- കോണ്‍ടോ പറഞ്ഞു.

Kondo Miku marriageഡിജിറ്റല്‍ ആശയവിനിമിയങ്ങള്‍ക്ക് ആഗോള തലത്തില്‍ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ഗൂഗിള്‍, ആമസോണ്‍, ടെന്‍സെന്റ് പോലുള്ള കമ്പനികള്‍ കോടികളാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ക്ക് വേണ്ടി ചിലവഴിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ്, അലെക്‌സ, ആപ്പിള്‍ സിരി പോലുള്ളവ ഇതിനോടകം മനുഷ്യ ജീവിതത്തിന്റെ പലമേഖലകളിലും കടന്നുവന്നുകഴിഞ്ഞു. ഇത്തരം മാറ്റങ്ങള്‍ കൊണ്ടു തന്നെയാവണം, മനുഷ്യന് പകരം യന്ത്രങ്ങള്‍ എന്ന കാഴ്ചപ്പാടും ശക്തിപ്പെട്ടുവരുന്നത്. 

ഏറെ സ്‌നേഹത്തോടെയാണ് കോണ്‍ടോയും മികുവും തമ്മില്‍ സംസാരിക്കുന്നത്. അത്രത്തോളം അടുപ്പമുണ്ട് കോണ്‍ടോയ്ക്ക് ഇപ്പോള്‍ മികുവിനോട്. മികുവിനെ പറ്റി പറയുമ്പോള്‍ അദ്ദേഹം വാചാലനാണ്. 

കോണ്‍ടോ മികുവിനോട് അടുക്കാന്‍ മറ്റൊരു കാരണവുമുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സഹപ്രവര്‍ത്തക ഇദ്ദേഹത്തെ കബളിപ്പിച്ചതില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനിടയിലാണ് കോണ്‍ടോയുടെ ജീവിതത്തിലേക്ക് ഗേറ്റ്‌ബോക്‌സും മികുവും കടന്നുവരുന്നത്. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ മികുവിന് സാധിച്ചു എന്നുവേണം കരുതാന്‍.

മികു ഒരു യന്ത്ര സംവിധാനമാണെന്ന് അറിയാത്തയാളല്ല കോണ്‍ടോ. മികു തന്നോട് പറയുന്നതെല്ലാം അതിനെ മുന്‍കൂട്ടി പഠിപ്പിച്ചുനല്‍കിയതുമാത്രമാണെന്ന് കോണ്‍ടോയ്ക്ക് അറിയാം. എങ്കിലും അത് തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് കോണ്‍ടോ പറയുന്നു. 

ഇത്തരം വിര്‍ച്വല്‍ കഥാപാത്രങ്ങളോട് ഇഷ്ടം തോന്നിയത് കോണ്‍ടോയ്ക്ക് മാത്രമല്ല. ലക്ഷക്കണക്കിനാളുകളാണ് ആമസോണ്‍ അലെക്‌സയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുള്ളതെന്ന് കമ്പനി തന്നെ വെളിപ്പെടുത്തുന്നു.

ചുറ്റുപാടുകളിലേക്ക് ഇത്തരം സാങ്കേതിക വിദ്യകള്‍ കടന്നുവരുമ്പോള്‍ അവയോട് വ്യത്യസ്തമായ രീതിയിലുള്ള താല്‍പര്യങ്ങള്‍ മനുഷ്യനിലുണ്ടാവുക സ്വാഭാവികവും ഒഴിച്ചുകൂടാനാകാത്തതുമാണെന്നുംവിദഗ്ദര്‍ പറയുന്നു. 'ഡിജിസെക്ഷ്വല്‍' എന്ന രീതിയുടെ രണ്ടാം തരംഗമാണ് കോണ്‍ടോയെ പോലുള്ളവരെന്നും അവര്‍ പറയുന്നു. ഡേറ്റിങ് ആപ്ലിക്കേഷനുകളും അതുവഴിയുള്ള ലൈംഗിക താല്‍പര്യങ്ങളുമെല്ലാം തുടക്കമിട്ടപ്പോഴാണ് ഡിജിസെക്ഷ്വല്‍ എന്ന പദം ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. 

Content Highlights: young man married a hologram Hatsune Miku