രിക്കല്‍ ഒരു യുവതിയ്ക്ക് അവരുടെ ഒരു സുഹൃത്ത് ഒരു വീഡിയോ കാണിച്ചു. ഒരു കട്ടിലില്‍ ഒരു ഓഫ് ഷോള്‍ഡര്‍ ടോപ്പുമിട്ട് ഒരു പെണ്‍കുട്ടിയിരിക്കുന്നു. വശ്യമായൊരു ചിരിയോടെ. അവള്‍ തന്റെ വസ്ത്രങ്ങളുരിയാന്‍ തുടങ്ങുകയായിരുന്നു. യുവതി ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് ഒന്നു നോക്കി തരിച്ചു നിന്നും. അത് അവര്‍ തന്നെയായിരുന്നു. 

എന്നാലും എങ്ങനെ? താനറിയാതെ, തന്റെ സമ്മതമില്ലാതെ ഇതെങ്ങനെ സംഭവിച്ചു? ആ ദൃശ്യം പൂര്‍ണമായും വ്യാജമായിരുന്നു. ഏതോ ഒരു പോണ്‍ താരത്തിന്റെ ശരീരത്തില്‍ ആ യുവതിയുടെ മുഖം ചേര്‍ത്തുവെച്ചു.

തന്റെ വീട്ടുകാര്‍ കണ്ടാല്‍, തന്റെ സഹപ്രവര്‍ത്തകര്‍ കണ്ടാല്‍? ഇത് താന്നെല്ലന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? തുടങ്ങി ഒരായിരം ചോദ്യങ്ങള്‍ അവരുടെ മനസില്‍ മിന്നിമാഞ്ഞു. വിവാഹജീവിതവും കുടുംബവും നഷ്ടപ്പെടുമോ എന്ന് അവര്‍ ഭയന്നു. ഇങ്ങനെ ഒരു സാഹചര്യത്തിലെത്തുന്ന ഏതൊരു സ്ത്രീയ്ക്കും ഉണ്ടാവുന്ന വേവലാതികള്‍.

ഇതൊരു നടന്ന സംഭവമാണ്. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയയിലും പങ്കുവെക്കപ്പെട്ട 491 ചിത്രങ്ങളാണ് ഒരു പോണ്‍താരത്തിന്റെ മുഖത്ത് കൊണ്ടുവെച്ചത്. പണം നല്‍കിയാല്‍ ഇത്തരം ഡീപ്പ് ഫെയ്ക്ക് വീഡിയോകള്‍ നിര്‍മിച്ചു നല്‍കുന്ന വെബ്‌സൈറ്റുകളുണ്ട്. 

ചിത്രങ്ങളില്‍ കൃത്രിമത്വം കാണിക്കുന്ന എയര്‍ബ്രഷിങ്, ഫോട്ടോഷോപ്പ് പോലുള്ള സംവിധാനങ്ങള്‍ വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്. അന്ന് ചിത്രങ്ങളില്‍ മാത്രമാണ് കൃത്രിമത്വം കാണിച്ചതെങ്കില്‍, ഇപ്പോള്‍ അത് വീഡിയോകളിലേക്കും വന്നിരിക്കുന്നു. ഒട്ടും പിഴവുകളില്ലാതെ യഥാര്‍ത്ഥമെന്നു തോന്നുന്ന വ്യാജ വീഡിയോകള്‍ നിര്‍മിക്കപ്പെടുന്നു. 

വീഡിയോകള്‍ മോര്‍ഫ് ചെയ്യുന്ന രീതി മുമ്പ് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ന് അത് മാറിയിരിക്കുന്നു. മുഖഭാവങ്ങളും ചിരിയും ചേഷ്ടകളുമെല്ലാം അതേപടി പകര്‍ത്തുന്ന നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകള്‍ നിലവില്‍ വന്നിരിക്കുന്നു. അവ ശക്തിപ്രാപിച്ചിരിക്കുന്നു . ജീവസുറ്റ 'ഡീപ്പ് ഫേയ്ക്ക്' വീഡിയോകള്‍ നിര്‍മിക്കാന്‍ അത് സഹായിക്കുന്നു. നുണയുടെയും യാഥാര്‍ത്ഥ്യത്തിന്റേയും അതിര്‍വരമ്പുകള്‍ ആ സാങ്കേതിക വിദ്യ മായ്ച്ചുകളയുകയാണ്.

നിര്‍മിത ബുദ്ധിയുടെ ദുരുപയോഗങ്ങളില്‍ ഒന്നാണ് ഇത്. സിനിമാതാരങ്ങളേയും, പ്രശസ്ത വ്യക്തികളേയും ഉള്‍പ്പടെ ഇത്തരം സാങ്കേതിക വിദ്യകളിലൂടെ പോണ്‍ വീഡിയോകളില്‍ അവതരിപ്പിക്കാന്‍ സാധിക്കും. അത് യഥാര്‍ത്ഥമല്ലെന്ന് പറയാനാകാത്തവിധം പൂര്‍ണതയുള്ളതുമാവും.

അടുത്തിടെ ചൈനയില്‍ നടന്ന അഞ്ചാമത് വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ചാനല്‍ വാര്‍ത്താ അവതരണം നടന്നു. വാര്‍ത്ത അവതരിപ്പിച്ചത് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്താ അവതാരകരാണ്. യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ രൂപമുള്ളവര്‍. വാര്‍ത്തവായിച്ചത് യഥാര്‍ത്ഥ അവതാരകനാണോ അല്ലയൊ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം പൂര്‍ണതയുള്ളതായിരുന്നു ആ അവതരണം.

പിന്നീട് ഇംഗ്ലീഷ് ഭാഷമാത്രം കൈകാര്യം ചെയ്യാന്‍ അറിയുന്ന ബിബിസി വാര്‍ത്താ അവതാരകനായ മാത്യു അമ്രോലിവാല ഹിന്ദി, സ്പാനിഷ്, മാന്‍ഡറിന്‍ ഭാഷകളില്‍ വാര്‍ത്തവായിക്കുന്ന ദൃശ്യങ്ങള്‍ ഇതേ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചു. മാത്യുവിന്റെ മുഖചലനങ്ങളെല്ലാം കൃത്യമായി പകര്‍ത്തിക്കൊണ്ടാണ് 'നിര്‍മിത'  അവതാരകനും വാര്‍ത്ത വായിച്ചത്. മറ്റുള്ളവരുടെ അംഗചലനങ്ങള്‍ അതേപടി മാത്യുവിന്റെ ശരീരത്തിലേക്ക് നല്‍കുകയാണ് ഇവിടെ ചെയ്തത്. 

ഇത്തരം സാങ്കേതിക വിദ്യകള്‍ സ്ത്രീകള്‍ക്കെതിരെ ആയുധമായിമാറാന്‍ സാധ്യതകളേറെയാണ്. എളുപ്പം കണ്ടുപിടിക്കാനാകാത്തവിധം പോണ്‍ വെബ്‌സൈറ്റുകളില്‍ അവ പ്രചരിക്കപ്പെട്ടേക്കാം. നിങ്ങളറിയാതെ നിങ്ങളൊരു പോണ്‍താരമായി മാറിയേക്കാം.

സാങ്കേതിക വിദ്യയെ എങ്ങനെയെല്ലാം ആയുധമാക്കി മാറ്റുന്നു എന്നതിനെ കുറിച്ച് ഗൂഗിള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഡാര്‍ട്ട്മൗത്ത് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറും കൃത്രിമത്വം കാണിച്ച ചിത്രങ്ങളും വീഡിയോകളും പരിശോധിക്കുന്നതില്‍ വിദഗ്ദനുമായ ഹാനി ഫാരിദ് പറഞ്ഞു.

ഇത്രയും നാള്‍വീഡിയോകള്‍ ആധികാരകമായ തെളിവായി പരിഗണിക്കപ്പെട്ടിരുന്നു. ഡീപ്പ് ഫെയ്ക്ക് സാങ്കേതിക വിദ്യകള്‍ രംഗപ്രവേശം ചെയ്യുന്നതോടെ വീഡിയോകളേയും വിശ്വസിക്കാന്‍ പറ്റാതാവും. ഇത്തരം വീഡിയോകളുടെ യാഥാര്‍ത്ഥ്യം കണ്ടെത്താനാവില്ലെന്നതാണ് വെല്ലുവിളി.

പോണ്‍ വീഡിയോകള്‍ നിര്‍മിക്കാന്‍വേണ്ടി മാത്രമല്ല, രാഷ്ട്രീയ പകപോക്കലുകള്‍ക്ക്, തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതിന്, വ്യക്തികളെ പൊതുമധ്യത്തില്‍ നാണം കെടുത്തുന്നതിന് എല്ലാം ഈ സംവിധാനം ഉപയോഗിക്കപ്പെടുന്നുണ്ട്.