ആഗോളതലത്തില്‍ സ്മാര്‍ട് വാച്ച് വിപണിയില്‍ ഷവോമി മുന്നില്‍. അതേസമയം വാച്ച് വിപണിയില്‍ ആപ്പിള്‍ മൂന്നാം സ്ഥാനത്താണ്. മാര്‍ക്കറ്റ് അനലിസ്റ്റ് സ്ഥാപനമായ കനലൈസ് (Canalys) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2017 രണ്ടാംപാദത്തില്‍ സ്മാര്‍ട് വാച്ചുകളുടെ ആഗോളവിപണിയില്‍ 8 ശതമാനം വളര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

35 ലക്ഷം സ്മാര്‍ട് വാച്ചുകളാണ് ഷവോമി 2017 രണ്ടാം പാദത്തില്‍ വിറ്റഴിച്ചത്. 33 ലക്ഷം വാച്ചുകള്‍ വിറ്റ ഫിറ്റ് ബിറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 27 ലക്ഷം ആപ്പിള്‍ വാച്ചുകളാണ് ആപ്പിള്‍ വിറ്റത്. സെല്ലുലാര്‍ കണക്റ്റിവിറ്റിയോടുകൂടിയ സ്മാര്‍ട് വാച്ചുകളുടെ വരവ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നും കനലൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെല്ലുലാര്‍ കണക്റ്റിവിറ്റിയുള്ള ആപ്പിള്‍ വാച്ച് അവതരിപ്പിക്കാനൊരുങ്ങുന്ന ആപ്പിളിന് ഇതുവഴി നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

നിലവില്‍ പല കമ്പനികളും ചൈനീസ് വിപണിയില്‍ എല്‍ടിഇ സൗകര്യമുള്ള സ്മാര്‍ട് വാച്ചുകള്‍ പരീക്ഷിച്ചിട്ടുണ്ട്. വാച്ചുകള്‍ക്ക് വേണ്ടിയുള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണിന്റെ വെയര്‍ ചിപ്‌സെറ്റുകള്‍ വെയറബിള്‍ ഡിവൈസുകളുടെ നിര്‍മ്മാണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്നും വിലിയിരുത്തപ്പെടുനുണ്ട്.