ചൈനയിലാണ് സംഭവം, ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്ത ലിയു എന്ന യുവതിയ്ക്ക് കിട്ടിയതാകട്ടെ ആപ്പിളിന്റെ രുചിയുള്ള തൈര് പാനീയം. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് വീബോയിലാണ് ലിയു തന്റെ അനുഭവം പങ്കുവെച്ചത്. 

ഉല്‍പന്നങ്ങള്‍ മാറി വരുന്ന സംഭവങ്ങള്‍ മുമ്പും കേട്ടിട്ടുണ്ട്. എങ്കിലും ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിച്ചത് ആശ്ചര്യകരമാണ്. 

ഈ പാര്‍സല്‍ തന്റെ കയ്യില്‍ നേരിട്ട് നല്‍കുകയായിരുന്നില്ലെന്നും. താമസസ്ഥലത്തെ പാര്‍സല്‍ ബോക്‌സില്‍ ഇടാനാണ് നിര്‍ദേശിച്ചിരുന്നതെന്നും ലിയു തന്റെ പോസ്റ്റില്‍ പറഞ്ഞു. ഐഫോണ്‍ 12 പ്രോ മാക്‌സ് വാങ്ങുന്നതിനായി 1500 ഡോളറും നല്‍കി. അതേസമയം, ഫോണ്‍ ലിയു നല്‍കിയ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നാണ് ആപ്പിളും എക്‌സ്പ്രസ് മെയില്‍ സര്‍വീസും പറയുന്നത്. 

തനിക്ക് ഫോണ്‍ കിട്ടിയിട്ടില്ലെന്ന് പറയുന്ന ലിയു തനിക്ക് കിട്ടിയ പാനീയത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ ലിയു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എക്‌സ്‌പ്രെസ് മെയില്‍ സര്‍വീസും ആപ്പിളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Content Highlights: Apple iphone 12 pro max, Apple flavoured yogurt drink