മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓഎസിന്റെ പുതിയ വിന്‍ഡോസ് 11 പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. പ്രൊഡക്റ്റിവിറ്റി, ക്രിയേറ്റിവിറ്റി, ഗെയിമിങ് ഉള്‍പ്പടെയുള്ള വിവിധ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഉപഭോക്താക്കളുടെ ഇതുവരെയുള്ള പരാതികള്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് പുതിയ ഓഎസ് തയ്യാറാക്കിയിരിക്കുന്നത്. 

പഴയ പതിപ്പുകളേക്കാള്‍ വേഗമേറിയതും ഊര്‍ജ ഉപഭോഗം കുറഞ്ഞതും ഒപ്പം കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നതുമായിരിക്കും മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11. 

ആപ്പിള്‍ മാക്ക് ഓഎസിന്റെ വാണിജ്യ മാതൃക അവലംബിച്ചുകൊണ്ട് ഡെവലപ്പര്‍മാരോടും ഉപഭോക്താക്കളോടും കൂടുതല്‍ തുറന്ന സമീപനമാണ് വിന്‍ഡോസ് 11 നടത്തുന്നത്. 

എന്തായാലും ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പുതിയ ഓഎസ് തങ്ങള്‍ക്ക് ലഭിക്കുമോ എന്നത്. ഇക്കാര്യം വിശദമായറിയാം. 

വിന്‍ഡോസ് 11 ഓഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കംപ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ടവ

  • 1 ജിഗാഹെര്‍ട്‌സ് (GHz) അല്ലെങ്കില്‍ വേഗമുള്ള കുറഞ്ഞത് 2 കോര്‍ വരുന്ന കോംബാറ്റിബിള്‍ 64 ബിറ്റ് പ്രൊസസര്‍ ചിപ്പ്
  • 4 ജിബി റാം
  • 64 ജിബിയോ അതിലധികമോ സ്‌റ്റോറേജ്
  • സിസ്റ്റം ഫേംവെയര്‍ : യുഇഎഫ്‌ഐ, സെക്വര്‍ ബൂട്ട് ശേഷിയുള്ളത്
  • ട്രസ്റ്റഡ് പ്ലാറ്റ്‌ഫോം മോഡ്യൂള്‍ (ടിപിഎം) വേര്‍ഷന്‍ 2.0
  • ഡയറക്ട്എക്‌സ് 12 അല്ലെങ്കില്‍ അതിന് ശേഷമുള്ള WDDM 2.0 ഡ്രൈവര്‍ ഉള്ളവ 
  • 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
  • വിന്‍ഡോസ് 11 ഹോം എഡിഷന്‍ ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ആവശ്യമാണ്. പുതിയ ഓഎസിലെ ഫീച്ചറുകളെല്ലാം പ്രയോജനപ്പെടുത്താനും കണക്റ്റിവിറ്റി ആവശ്യമായി വരുന്നു.

വിന്‍ഡോസ് 11 ഉപയോഗിക്കാന്‍ വേണ്ട ഏറ്റവും അടിസ്ഥാന സംവിധാനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ഇത് കൂടാതെ, 5ജി സപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള ചില സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ അതിനനുസൃതമായുള്ള സാങ്കേതിക സംവിധാനങ്ങള്‍ കംപ്യൂട്ടറില്‍ ഉണ്ടായിരിക്കണം. 

നിലവില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്ന മുകളില്‍ പറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. അപ്‌ഡേറ്റ് റോള്‍ ഔട്ട് എന്ന് മുതല്‍ തുടങ്ങുമെന്ന് കമ്പനി തീരുമാനിച്ചിട്ടില്ല. 2022 തുടക്കത്തോടെ അത് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വിന്‍ഡോസ് 11 ലേക്ക് മാറാന്‍ യോഗ്യമായ എല്ലാ വിന്‍ഡോസ് 10 പിസികളിലും ഒരേ സമയം തന്നെ ആയിരിക്കില്ല അപ്‌ഗ്രേഡ് ലഭിക്കുക. 

അതേസമയം ഈ വര്‍ഷം അവസാനത്തോടെ വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്തുള്ള കംപ്യൂട്ടറുകള്‍ വിപണിയിലെത്തിത്തുടങ്ങും.

വിന്‍ഡോസ് 11 ഉപയോഗിക്കാന്‍ നിങ്ങളുടെ കംപ്യൂട്ടര്‍ യോഗ്യമാണോ എന്നറിയാന്‍ പിസി ഹെല്‍ത്ത് ചെക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാം