ഫോണ്‍പേയ്ക്ക് പിന്നാലെ ഗൂഗിള്‍ പേയും പേടിഎമ്മും പണമീടാക്കുമോ?


ഗൂഗിള്‍ പേയും, പേ ടിഎമ്മും നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് മൊബൈല്‍ റീച്ചാർജുകൾക്ക് അധിക തുക ഈടാക്കുന്നില്ല.

Photo:Twitter|PhonePe

ഫ്‌ളിപ്കാര്‍ട്ട് തുടക്കമിടുകയും ഇപ്പോള്‍ വാള്‍മാര്‍ട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ പണമിടപാട് സേവനമാണ് ഫോണ്‍പേ. ഇന്ത്യയില്‍ ഏറെ ഉപഭോക്താക്കളുള്ള യുപിഐ സേവനങ്ങളിലൊന്നാണ് ഫോണ്‍പേ. ഇനി മുതല്‍ ഫോണ്‍പേയിലൂടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ നിശ്ചിത തുക അധികമായി ഈടാക്കുമെന്നാണ് ഫോണ്‍ പേയുടെ പ്രഖ്യാപനം.

ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തുന്ന ആദ്യ യുപിഐ അധിഷ്ടിത പണമിടപാട് സേവനമാണ് ഫോണ്‍ പേ. ഗൂഗിള്‍ പേയും, പേ ടിഎമ്മും നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് മൊബൈൽ റീച്ചാർജിന് അധിക തുക ഈടാക്കുന്നില്ല. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ ആപ്പിലൂടെ നടക്കുമ്പോള്‍ നിശ്ചിത തുക ഈ സേവനങ്ങള്‍ പിടിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്നാണ് ഫോൺ പേയുടെ പ്രഖ്യാപനം. എല്ലാ യുപിഐ പണമിടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കുമെന്നല്ല.

50 രൂപയ്ക്കും 100 നും ഇടയില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപയും നൂറ് രൂപയ്ക്ക് മുകളില്‍ ചെയ്യുന്ന റീച്ചാര്‍ജുകള്‍ക്കെല്ലാം രണ്ട് രൂപയും ഈടാക്കും. അതേസമയം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പണം അയക്കുമ്പോള്‍ ഷോപ്പുകളില്‍ ഇടപാട് നടത്തുമ്പോഴും ഈ അധിക തുക ഈടാക്കില്ല.