ഇന്ത്യയില്‍ ആകമാനം വലിയ ജനപ്രീതി നേടുകയും സ്വാധീനം ചെലുത്തുകയും ചെയ്ത മൊബൈല്‍ ഗെയിമിങ് ആപ്ലിക്കേനാണ് പബ്ജി മൊബൈല്‍. മൊബൈല്‍ പതിപ്പ് കൂടാതെ കണ്‍സോള്‍, പിസി പതിപ്പുകള്‍ക്കും ഇന്ത്യയില്‍ വലിയ സ്വീകാര്യതയുണ്ട്. എന്നാല്‍ പബ്ജി ഉള്‍പ്പടെ 275 ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ ഭരണകൂടം.
നേരത്തെ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതിന് പിന്നാലെയാണിത്. നേരത്തെ ടിക് ടോക്ക് ആണ് നിരോധിക്കപ്പെട്ട ആപ്പുകളുടെ പട്ടികയില്‍ മുന്നില്‍ നിന്നതെങ്കില്‍. നിരോധനം മുന്നില്‍ കാണുന്ന ആപ്ലിക്കേഷനുകളുടെ പുതിയ പട്ടികയില്‍ പബ്ജി യാണ് മുന്നില്‍.
അതിനുള്ള പ്രധാന കാരണം ഗെയിമിന്റെ ജനപ്രീതിയാണ്. ഇത് കേവലം ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആഗോള തലത്തില്‍ ജനപ്രീതിയാര്‍ജിക്കാന്‍ സാധിച്ചിട്ടുണ്ട് ഈ ബാറ്റില്‍ റോയേല്‍ ഗെയിമിന്. ഇന്ത്യയില്‍ മാത്രം ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തത് 17.5 കോടി പേരാണ്.
നേരത്തെ ടിക് ടോക്ക് നിരോധിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പബ്ജി നിരോധിക്കപ്പെട്ടില്ല എന്ന ചര്‍ച്ചയുണ്ടായിരുന്നു. ഇത് ഒരു ചൈനീസ് ആപ്ലിക്കേഷന്‍ ആണോ അല്ലയോ എന്ന് പലര്‍ക്കും സംശയമുണ്ട്. എന്താണ് അതിലെ വസ്തുത.
പബ്ജി എന്ത്?
പബ്ജി ഗെയിം വികസിപ്പിച്ചെടുത്തത് ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സഹോദരസ്ഥാപനമായ പബ്ജി കോര്‍പറേഷനാണ് പിസി, എക്സ്ബോക്സ്, പ്ലേസ്റ്റേഷന്‍, മൊബൈല്‍ എന്നിവയില്‍ ഈ ഗെയിം ലഭ്യമാണ്. ബ്രെന്‍ഡെന്‍ ഗ്രീനി നിര്‍മിച്ച ഈ ഗെയിം 2017 ലാണ് പുറത്തിറക്കിയത്.
ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍ പെടുന്ന ഗെയിമാണ് പബ്ദി. അതിജീവനമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗെയിമില്‍ പരസ്പരം യുദ്ധം ചെയ്ത് അവസാനം വരെ അതിജീവിക്കുന്നവര്‍ക്കാണ് വിജയം. 'ചിക്കന്‍ ഡിന്നര്‍' എന്ന പേരിലാണ് ഈ നേട്ടം അറിയപ്പെടുന്നത്. നൂറ് പേരാണ് ഒരു ഗെയിമില്‍ കളിക്കുക. ആളൊഴിഞ്ഞ വിവിധ ദ്വീപുകളിലാണ് കളിനടക്കുന്നത്. യഥാര്‍ത്ഥ ചുറ്റുപാടുകള്‍ക്ക് സമാനമായ വിധത്തില്‍ കെട്ടിടങ്ങളും കാടും മലകളും മഞ്ഞും മഴയും ഇരുട്ടും ആയുധങ്ങളും വാഹനങ്ങളുമെല്ലാം ഈ ഗെയിമിലുണ്ട്.
പിസി പതിപ്പില്‍ ഗെയിം വലിയ വിജയം നേടിയതോടെയാണ് ചൈനീസ് കമ്പനിയായ ടെന്‍സെന്റ് രംഗപ്രവേശം ചെയ്യുന്നത്. ചൈനീസ് വിപണിയിലേക്ക് പബ്ജിയെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ടെന്‍സെന്റ് പബ്ജിയില് വലിയൊരു നിക്ഷേപവും നടത്തി. അങ്ങനെയാണ് ചൈനയിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമെല്ലാം പബ്ജി എത്തുന്നത്.
പബ്ജി നിരോധനത്തിന്റെ നിഴലില്‍ ആയത് എന്തുകൊണ്ട്?
രാജ്യത്ത് പലതവണ പലകാരണങ്ങള്‍ കൊണ്ട് വിമര്‍ശന വിധേയമായ ആപ്ലിക്കേഷനാണ് പബ്ജി മൊബൈല്‍. കൗമാരക്കാര്‍ക്കിടയില്‍ വലിയ രീതിയിലുള്ള ആസക്തി പബ്ജി ഗെയിം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോളേജുകളും സര്‍വകലാശാലകളും പബ്ജിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വിവര സുരക്ഷയും കൈകാര്യം ചെയ്യുന്ന രീതിയുമാണ് രാജ്യ വ്യാപകമായ നിരോധന ഭീഷണിയിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ പ്രധാനം പബ്ജിയിലെ ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ നിക്ഷേപം തന്നെയാണ്. ദക്ഷിണ കൊറിയന്‍ സൃഷ്ടിയാണെങ്കിലും ആപ്പിന്റെ ചൈനീസ് ബന്ധം പബ്ജിയെ പ്രതിക്കൂട്ടിലാക്കുന്നു.
നേരത്തെ 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടപ്പോഴും ചൈനീസ് ബന്ധം, വിവര സുരക്ഷ തുടങ്ങിയ പൊതുകാരണങ്ങളല്ലാതെ ഓരോ ആപ്പിനെയും പ്രത്യേകം ചൂണ്ടിക്കാട്ടിയുള്ള സുരക്ഷാ പ്രശ്നങ്ങളോ നിരോധനത്തിനിടയാക്കിയ കാരണമോ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.
ഇപ്പോള്‍ പബ്ജിയുടേയും മറ്റ് ആപ്പുകളുടേയും കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതും അങ്ങനെ തന്നെയാണ്. പബ്ജിയിലെ ചൈനീസ് നിക്ഷേപമാണോ വിവര സുരക്ഷാ പ്രശ്നത്തിനിടയാക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
പബ്ജിയെ ഭയപ്പെടേണ്ടതുണ്ടോ?
കേവലം ഒരു സ്മാര്‍ട്ഫോണ്‍ ഗെയിം ഉയര്‍ത്തുന്ന ആസക്തി പോലുള്ള ആരോഗ്യ പ്രശ്നങ്ങളല്ലാതെ പബ്ജിയ്ക്കെതിരെ ഇതുവരെ കാര്യമായ സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍ ആരും തന്നെ ഉന്നയിച്ചിട്ടില്ല. ആസ്വാദനം എന്നതിലുപരി ആപ്പിന്റെ ഉടമസ്ഥത ആരാണെന്നാണ് നിങ്ങള്‍ നോക്കുന്നത് എങ്കില്‍ ചൈനീസ് വിരുദ്ധ നിലപാടിന്റെ പേരില്‍ ആപ്പ് ഒഴിവാക്കാം. ഗെയിം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അത് കളിക്കുന്നത് കൊണ്ട് വ്യക്തിപരമായി നിങ്ങള്‍ക്ക് എന്തെങ്കിലും അപകടമുണ്ടോ എന്ന് സര്‍ക്കാരോ സൈബര്‍ സുരക്ഷാ വിദഗ്ദരോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Content Highlights: why government considering a ban on PUBG is pubg mobile a chinese app
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..