Representational Image | Photo:Mathrubhumi
ഏറ്റവും അധികം ഉപഭോക്താക്കളുള്ള ചാറ്റിങ് ആപ്പുകളാണ് വാട്‌സാപ്പും ടെലഗ്രാമും സിഗ്നലും ലോകത്തിന്റെ വിവിധ മേഖലകളില്‍ ഈ ഓരോ ആപ്പുകള്‍ക്കും അതിന്റേതായ സ്വീകാര്യതയുണ്ട്. പക്ഷെ ഇവയില്‍ ഏതാണ് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം സുരക്ഷിതം ?
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നൂറ് ശതമാനം സുരക്ഷിതത്വം സ്വകാര്യത എന്നിവ ഉറപ്പുനല്‍കാന്‍ ഒരിക്കലും സാധിക്കില്ല എന്ന് ആദ്യമേ തന്നെ പറയട്ടെ. എങ്കിലും ഉപയോഗത്തിലിരിക്കുന്ന ഈ ആപ്പുകളില്‍ ഏതിനാണ് താരതമ്യേന സുരക്ഷ കൂടുതല്‍ എന്ന് പരിശോധിക്കാം?
എന്റ് ടു എന്റ് എന്‍ക്രിപ്ഷനാണ് ഈ പ്ലാറ്റ്‌ഫോമുകളിലെ സ്വകാര്യതയുടെ മാനദണ്ഡമായി പ്രധാനമായും കണക്കാക്കുന്നത്.
ടെലഗ്രാമും വാട്‌സാപ്പും
ഇന്ത്യയില്‍ ഏറ്റവും അധികം ഉപഭോക്താക്കളുള്ള വാട്‌സാപ്പില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഉള്ളതായി ഒട്ടുമിക്ക ഉപഭോക്താക്കള്‍ക്കും അറിയാം. വാട്‌സാപ്പില്‍ സന്ദേശം അയക്കുന്നയാളും ആ സന്ദേശം ലഭിക്കുന്ന സ്വീകര്‍ത്താവും അല്ലാതെ വാട്‌സാപ്പിലെ എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ചാറ്റുകള്‍ കാണാന്‍ മറ്റൊരാള്‍ക്കും സാധിക്കില്ല. അതായത് ചാറ്റുകള്‍ക്കിടയില്‍ നുഴഞ്ഞു കയറാനോ ചാറ്റുകള്‍ തത്സമയം നിരീക്ഷിക്കുവാനോ മൂന്നാമതൊരാള്‍ക്ക് സാധിക്കില്ല.
ടെലഗ്രാമില്‍ എന്‍ക്രിപ്റ്റഡ് ചാറ്റ് ലഭ്യമാണെങ്കിലും അത് ടെലഗ്രാമിലെ സീക്രട്ട് ചാറ്റ് എന്ന ഓപ്ഷനില്‍ മാത്രമാണ് ലഭിക്കുക. ടെലഗ്രാമിലെ സാധാരണ ചാറ്റുകളെല്ലാം ക്ലൗഡ് അധിഷ്ടിത ചാറ്റുകളാണ്. അതായത്, ടെലഗ്രാമില്‍ സാധാരണ ചാറ്റുകളില്‍ അയക്കുന്ന സന്ദേശങ്ങളെല്ലാം തന്നെ ടെലഗ്രാമിന്റെ സെര്‍വറുകളില്‍ ശേഖരിക്കപ്പെടുന്നുണ്ട്. ഇതിന് ടെലഗ്രാം സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നില്ല. ഭരണകൂട ഏജന്‍സികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഈ ചാറ്റുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ടെലഗ്രാമിന് സാധിക്കും.
സിഗ്നലും വാട്‌സാപ്പും
ഇനി സിഗ്നലിന്റെ കാര്യമെടുക്കാം. വാട്‌സാപ്പിലും സിഗ്നലിലും എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനമുണ്ട്. ഈ രണ്ട് ആപ്പുകളിലും എല്ലാ മെസേജുകളും കോളുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം എന്‍ക്രിപ്റ്റ് ചെയ്താണ് കൈമാറ്റം ചെയ്യുന്നത്. അതായത് ഈ ആപ്പുകള്‍ വഴി കൈമാറ്റം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ അയക്കുന്നയാളിന്റെ ഡിവൈസിലും സ്വീകര്‍ത്താവിന്റെ ഡിവൈസിലുമല്ലാതെ മൂന്നാമതൊരാള്‍ക്ക് പുറത്ത് നിന്ന് കാണാനാവില്ല.
മാത്രവുമല്ല, ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായ എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കാളായി പരിഗണിക്കപ്പെടുന്ന സിഗ്നല്‍ പ്രോട്ടോകോളാണ് വാട്‌സാപ്പിലും സിഗ്നല്‍ ആപ്പിലും എന്‍ക്രിപ്ഷന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
സിഗ്‌നല്‍ പ്രോട്ടോകോളും എംടി പ്രോട്ടോയും
സുരക്ഷിതമായ ഓണ്‍ലൈന്‍ ആശയവിനിമയത്തിന് വേണ്ടി ഉപയോഗിക്കുന്ന ക്രിപ്‌റ്റോഗ്രഫിക് പ്രോട്ടോകോളുകളാണ് സിഗ്നല്‍ പ്രോട്ടോകോള്‍ (Signal Protocol). സിഗ്നല്‍ മെസേജിങ് ആപ്പിന്റെ ഡെവലപ്പറായ ഓപ്പണ്‍ വിസ്പര്‍ സിസ്റ്റംസ് ആണ് ഇതിന്റെ സ്രഷ്ടാക്കള്‍.
ടെലഗ്രാമിലെ ക്ലൗഡ് ചാറ്റുകളുടെ എന്‍ക്രിപ്ഷന് വേണ്ടി എംടി പ്രോട്ടോ (MT Proto) എന്‍ക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ലെയര്‍ സെക്യൂരിറ്റി എന്ന ക്രിപ്‌റ്റോഗ്രഫിക് സ്റ്റാന്റേര്‍ഡിന്റെ ടെലഗ്രാം തയ്യാറാക്കിയ പതിപ്പാണ് എംടി പ്രോട്ടോ.
എന്നാല്‍ സിഗ്നല്‍ പ്രോട്ടോകോളിനെ പോലെ എംടി പ്രോട്ടോയിൽ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ലഭിക്കില്ല. അതായത്, ക്ലൗഡ് ചാറ്റുകളുടെ (സാധാരണ ടെലഗ്രാം ചാറ്റുകള്‍) ഇടയില്‍ ഹാക്കർമാരെ പോലെ പുറത്തുനിന്നുള്ള ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ഈ സംവിധാനം ശ്രമിക്കുമെങ്കിലും ടെലഗ്രാം സെർവറിനെ ചാറ്റുകളിലെ സന്ദേശങ്ങൾ വായിക്കാൻ അനുവദിക്കും.
എംടി പ്രോട്ടോയ്ക്ക് അത്ര പ്രചാരമില്ല. പകരം സിഗ്നല്‍ പ്രോട്ടോക്കോള്‍ ആണ് വാട്‌സാപ്പും, സിഗ്നല്‍ ആപ്പും ഉള്‍പ്പടെയുള്ള എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ നല്‍കുന്ന സേവനങ്ങളില്‍ കൂടുതലും ഉപയോഗിക്കുന്നത്.
ഓപ്പണ്‍ സോഴ്‌സ് ആവുമ്പോള്‍
സിഗ്നല്‍ മെസേജിങ് ആപ്പ് ഒരു ഓപ്പണ്‍ സോഴ്‌സ് ആപ്പ് ആണെന്നതാണ് വാട്‌സാപ്പിനെയും സിഗ്നലിനേയും വ്യത്യസ്തമാക്കുന്നത്. അതായത് സിഗ്നല്‍ ആപ്പിന് വേണ്ടിയുള്ള കോഡുകള്‍ പരസ്യമായി ലഭ്യമാണ്. ആര്‍ക്കും അത് വിശകലനം ചെയ്ത് പ്രശ്‌നങ്ങള്‍ കണ്ടെത്താനും മാറ്റങ്ങൾ നിർദേശിക്കാനും. ഇത് ആപ്പിന്റെ നിര്‍മിതിയില്‍ കൂടുതല്‍ സുതാര്യത നല്‍കുന്നു. ആപ്പിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും മറ്റും കണ്ടെത്താനും ഈ രീതി സഹായകമാണ്.
അതേസമയം, വാട്‌സാപ്പിന്റെ കോഡ് ഓപ്പണ്‍ സോഴ്‌സ് അല്ല. അത് മാതൃസ്ഥാപനമായ മെറ്റയുടെ നിയന്ത്രണത്തിലാണുള്ളത്. ഈ കോഡിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതും പരിഹരിക്കപ്പെടുന്നതും കമ്പനിയുടെ തന്നെ വിദഗ്ദരാണ്. ഇക്കാരണം കൊണ്ടുതന്നെ വാട്‌സാപ്പിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പുറത്തുനിന്നാര്‍ക്കും സാധിക്കില്ല.
മൂന്ന് ആപ്പുകളിലും ഏത് ?
മൂന്ന് ആപ്പുകളേയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷിതം എന്ന് പറയാവുന്നത് സിഗ്നല്‍ ആപ്പ് ആണ്. പ്രധാനമായും സ്വന്തം ഡെവലപ്പറായ ഓപ്പണ്‍ വിസ്പര്‍ സിസ്റ്റംസ് തന്നെ തയ്യാറാക്കിയ ഏറ്റവും സുരക്ഷിതമെന്ന് പരിഗണിക്കപ്പെടുന്ന സിഗ്നല്‍ പ്രോട്ടോകോള്‍ എന്ന എന്‍ക്രിപ്ഷന്‍ സംവിധാനമാണ് സിഗ്നലില്‍ ഉപയോഗിക്കുന്നത്. ഒരു ലാഭേതര സ്ഥാപനം കൈകാര്യം ചെയ്യുന്ന സിഗ്നല്‍ ഓപ്പണ്‍ സോഴ്‌സ് ആപ്ലിക്കേഷന്‍ കൂടിയാണ്.
സുരക്ഷയുടെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്നത് വാട്‌സാപ്പ് ആണ്. സിഗ്നലിനെ പോലെ തന്നെ വാട്‌സാപ്പില്‍ അയക്കപ്പെടുന്ന എല്ലാ തരം ഉള്ളടക്കങ്ങള്‍ക്കും എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ നല്‍കുന്നുണ്ട്. സന്ദേശങ്ങള്‍ എവിടെയും ശേഖരിക്കപ്പെടുന്നില്ല. ചാറ്റുകള്‍ക്കിടയില്‍ കമ്പനിക്കുള്‍പ്പടെ ആര്‍ക്കും പ്രവേശനം സാധ്യമല്ല. ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷൻ അല്ല എന്നത് സ്വകാര്യത, സുരക്ഷ എന്നിവയിൽ വാട്സാപ്പിനെ സിഗ്നലിന് പിന്നിലാക്കുന്നു.
സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വാട്‌സാപ്പും സിഗ്നലുമായും താരതമ്യം ചെയ്താല്‍ ടെലഗ്രാം പിന്നിലാണ്. മുഴുവന്‍ ചാറ്റുകള്‍ക്കും ടെലഗ്രാം സ്വകാര്യത നല്‍കുന്നില്ല എന്നത് തന്നെ പ്രധാന കാരണം. സീക്രട്ട് ചാറ്റുകള്‍ക്ക് മാത്രമാണ് എന്റ് ടു എന്റ് എന്‍ക്രിപ്ഷനുള്ളത്. സാധാരണ ക്ലൗഡ് ചാറ്റുകള്‍ക്ക് സ്വന്തം നിലയില്‍ തയ്യാറാക്കിയ അധികം പ്രചാരമില്ലാത്ത എംടി പ്രോട്ടോ എന്ന എന്‍ക്രിപ്ഷനാണ് ടെലഗ്രാം ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ചാറ്റുകളിലെ സന്ദേശങ്ങള്‍ ടെലഗ്രാം സെര്‍വറില്‍ ശേഖരിച്ച് വെക്കുകയും അത് ടെലഗ്രാമിന് വായിക്കാന്‍ സാധിക്കുകയും ചെയ്യും.
അതേസമയം കൃത്യമായുള്ള അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടത് സുരക്ഷയ്ക്ക് അനിവാര്യമാണ്. ഈ ആപ്പുകളുടെ സുരക്ഷാ സംവിധാനങ്ങളിൽ കാലാന്തരത്തിൽ വരുത്തുന്ന മാറ്റങ്ങൾ അവ നൽകിവരുന്ന സുരക്ഷിതത്വത്തിലും സ്വകാര്യതയിലും അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാക്കാം.
Content Highlights: whatsapp telegram signal which is most secure app
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..