ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന്റെ പേമെന്റ് ഫീച്ചര്‍ ഈ വര്‍ഷം അവസാനത്തോടെയെത്തുമെന്ന് വാട്‌സാപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് പേമെന്റ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. 

മുഖ്യമായും സ്വകാര്യത തന്നെ. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതോടെയാണ് വാട്‌സാപ്പ് പേമെന്റ് ഫീച്ചര്‍ ഇത്രയേറെ വൈകിയത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ രാജ്യം വിട്ട് പുറത്തുപോവരുത് എന്നാണ് ഇന്ത്യയുടെ ആവശ്യം. വാട്‌സാപ്പിന്റെ കാര്യത്തില്‍ ഇത് ഉറപ്പുവരുത്തണമെന്ന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍പിസിഐ) സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയിലെ റീടെയില്‍ പേമെന്റുകളുടെയെല്ലാം നിയന്ത്രണാധികാരകേന്ദ്രമാണ് എന്‍പിസിഐ. വാട്‌സാപ്പ്, ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പ്രാദേശികമായി ശേഖരിക്കണം എന്നാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശം. 

ഇതിന് തയ്യാറാണെന്ന് വാട്‌സാപ്പ് അറിയിച്ചിട്ടുണ്ട്. പേമെന്റ് ഡാറ്റ സംബന്ധിച്ച ഇന്ത്യയുടെ സര്‍ക്കുലര്‍ അനുസരിച്ച് പണമിടപാട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇന്ത്യയില്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ തങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് വാട്‌സാപ്പ് പ്രതിനിധിയെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വാട്‌സാപ്പ് തയ്യാറായതോടെയാണ് പേമെന്റ് സേവനം യാഥാര്‍ത്ഥ്യമാവാന്‍ അവസരമൊരുങ്ങുന്നത്. അവസാനഘട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വാട്‌സാപ്പ് പേമെന്റ് നിലവില്‍ വരും. 

കഴിഞ്ഞ ദിവസം വനിതാ സംരംഭകരുടെ പ്രശ്‌നപരിഹാരത്തിനായി നിതി ആയോഗുമായി സഹകരിച്ചുള്ള പദ്ധതിയുടെ പ്രഖ്യാപന വേളയില്‍ വാട്‌സാപ്പിന്റെ ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട് ആണ് വാട്‌സാപ്പ് പേമെന്റ് സേവനം ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് അറിയിച്ചത്. 

40 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പ് ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് കടന്നുവരുന്നത്. പേടിഎം, ഗൂഗിള്‍ പേ പോലുള്ള സേവനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. നിലവില്‍ പേമെന്റ് ബീറ്റാ പതിപ്പ് സജീവമാണ്. യുപിഐ പേമെന്റ് സേവനം വാട്‌സാപ്പുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. പണമിടപാടുകള്‍ക്ക് യുപിഐ നല്‍കുന്ന സുരക്ഷ വാട്‌സാപ്പ് പേമെന്റിന് ലഭിക്കും.

Content Highlights: whatsapp pay launch concerns over privacy, facebook, Digital pament, UPI