രാജ്യം ഡിജിറ്റല്‍ പേമെന്റുകളിലേക്ക് വ്യാപകമായി കുടിയേറിയ വര്‍ഷമാണ് കഴിഞ്ഞുപോയത്. പേടിഎമ്മിനൊപ്പം, ഗൂഗിളും, ആമസോണും, ഫോണ്‍ പേയും എല്ലാം യുപിഐ അധിഷ്ടിതമായ പേമെന്റ് സേവനങ്ങള്‍ക്ക് തുടക്കമിട്ടു. വലിയ മുന്നേറ്റമായി മാറി അത്. ഉപയോക്താക്കളെ പിടിക്കാന്‍ വലിയ ഓഫറുകളും പലരും അവതരിപ്പിച്ചു. 

ഈ സ്ഥാപനങ്ങളെല്ലാം അല്‍പം ഭയപ്പാടോടെ കാണുന്നത് വാട്‌സാപ്പ് പേമന്റ് സേവനത്തിന്റെ വരവാണ്. കോടിക്കണക്കിന് ഉപയോക്താക്കള്‍ ആഗോളതലത്തില്‍ സജീവമായ വാട്‌സാപ്പിനുള്ളില്‍ പേമന്റ് സേവനം കൂടിയെത്തുന്നതോടെ മറ്റ് ആപ്പുകളെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയാകും.

വാട്‌സാപ്പ് പേ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ലഭ്യമാണ്. പത്ത് ലക്ഷം ഉപയോക്താക്കള്‍ വാട്‌സാപ്പ് പേ സേവനത്തിന് ഇപ്പോഴുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ഈ വര്‍ഷം ജൂലായില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. വാട്‌സാപ്പ് പേ എത്രയും വേഗം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. 

വാട്‌സാപ്പ് പേമെന്റ് സേവനത്തിന്റെ ഡാറ്റ പ്രാദേശികമായി സൂക്ഷിക്കണം എന്നതടക്കമുള്ള റിസര്‍വ് ബാങ്കിന്റെ നിബന്ധനകളുടെ പേരിലാണ് വാട്‌സാപ്പ് പേ വൈകുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് കമ്പനി അടുത്തിടെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ വാട്‌സാപ്പ് പേ നിലവില്‍ വരാന്‍ അധികം സമയം എടുക്കില്ല. 

എങ്ങനെയാണ് വാട്‌സാപ്പ് പേ പ്രവര്‍ത്തിക്കുന്നത്?

വളരെ ലളിതമാണ് വാട്‌സാപ്പ് പേയുടെ പ്രവര്‍ത്തനം. ഫോട്ടോയും, കോണ്‍ടാക്റ്റും, ഡോക്യുമെന്റുമെല്ലാം അയക്കുന്ന അത്രയും ലളിതമാണ് പണമയക്കുന്നതും. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് വഴിയുള്ള പണമിടപാട് സുരക്ഷിതവുമാണ്. ബാങ്കുമായി രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ നടപടികള്‍ വഴിയാണ് വാട്‌സാപ്പ് പേ സേവനത്തെ യുപിഐയുമായി ബന്ധിപ്പിക്കുന്നത്. വാട്‌സാപ്പ് ചാറ്റുകളുടെ എന്‍ക്രിഷന്‍ സുരക്ഷയും ഇതില്‍ ലഭിക്കുന്നു. 

പണം ചോദിച്ച് സന്ദേശം അയ്ക്കാനും. അത് നിമിഷങ്ങള്‍ക്കുളില്‍ തന്നെ അയച്ചുകൊടുക്കാനും. പണം എളുപ്പം സ്വീകരിക്കാനും ഇതില്‍ സാധ്യമാണ്. യുപിഐ പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പേമെന്റ് നടത്തുന്നത്. 

വാട്‌സാപ്പിന് 30 കോടി ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഈ ഉപയോക്താക്കള്‍ക്കൊന്നും പണമിടപാടിന് വേണ്ടി മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല. 

വാട്‌സാപ്പ് പേ ഇന്ത്യയില്‍ മാത്രം ഒതുക്കാനല്ല ഫെയ്‌സ്ബുക്കിന്റെ പദ്ധതി. ആഗോള തലത്തിലുള്ള 160 കോടി ഉപയോക്താക്കളിലേക്ക് വാട്‌സാപ്പ് പേ എത്തും. 

ഇന്ത്യയില്‍ നിലവില്‍ യുപിഐ പേമെന്റ് സേവനം നടത്തുന്ന പേടിഎം, ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫോണ്‍ പേ പോലുള്ള സേവനങ്ങളെ വാട്‌സാപ്പ് പേയുടെ വരവ് ഏത് രീതിയില്‍ ബാധിക്കുമെന്ന് പ്രവചിക്കാനാവില്ല. വാട്‌സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം തന്നെയാണ് മറ്റുള്ളവരില്‍ ആശങ്കയുണ്ടാക്കുന്നത്. 

Content Highlights: whatsapp pay app entry to india. google pay, amazon pay, phone pe, Paytm