സ്മാര്‍ട്ട്‌ഫോണില്‍ സ്‌റ്റോറേജ് കുറവാണെന്ന് കരുതി വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഇനി വിഷമിക്കേണ്ട. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ ബാക്കപ്പ് ഇനി ഗൂഗിള്‍ ഡ്രൈവില്‍ സാധ്യമാകും. 

ഗൂഗിള്‍ ഡ്രൈവിന്റെ പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ സ്‌കോട്ട് ജോണ്‍സ്റ്റണ്‍ ബ്ലോഗില്‍ അറിയിച്ചതാണ് ഇക്കാര്യം. ചാറ്റ് ഹിസ്റ്ററി, വോയ്‌സ് മെസേജുകള്‍, ഫോട്ടോകളും വീഡിയോകളും-എന്നിങ്ങനെ വാട്ട്‌സ്ആപ്പിലുള്ള സന്ദേശങ്ങള്‍ പ്രൈവറ്റ് ബാക്കപ്പായി ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാമെന്ന് ബ്ലോഗ് പറയുന്നു. 

'പുതയ ബാക്കപ്പ് ഫീച്ചര്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും. ഇത് എത്തിയോ എന്നറിയാന്‍ വാട്ട്‌സ്ആപ്പ് സെറ്റിങ്‌സ് ഇടയ്ക്ക് ശ്രദ്ധിക്കുക' - ബ്ലോഗില്‍ ജോണ്‍സ്റ്റണ്‍ അറിയിച്ചു. 

വാട്ട്‌സ്ആപ്പും ഇക്കാര്യം അറിയിച്ചു. സന്ദേശങ്ങളും മീഡിയയും ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാന്‍ നിങ്ങള്‍ക്കാകും. ഫോണ്‍ നഷ്ടമാവുകയോ, മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് നിങ്ങള്‍ മാറുകയോ ചെയ്താല്‍, വാട്ട്‌സ്ആപ്പ് മെസേജ് ഹിസ്റ്ററി സുരക്ഷിതമായിരിക്കും - വാട്ട്‌സ്ആപ്പ് പോര്‍ട്ടല്‍ അറിയിച്ചു. 

ആന്‍ഡ്രോയ്ഡുപയോഗിക്കുന്ന ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടില്ല. 

ആഗോളതലത്തില്‍ 90 കോടി പ്രതിമാസ ഉപയോക്താക്കള്‍ വാട്ട്‌സ്ആപ്പിനുണ്ടെന്ന് കമ്പനി അടുത്തയിടെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ ഏഴ് കോടിയിലേറെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.