വാട്‌സാപ്പ് ആഗോളതലത്തില്‍ അവതരിപ്പിച്ച പുതിയ പോളിസി വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. എന്നാല്‍, പുതിയ പോളിസി മാറ്റം യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ ബാധിക്കില്ല. ശക്തമായ ജി.ഡി.പി.ആര്‍. നിയമങ്ങളാണ് അതിന് വാട്‌സാപ്പിന് വിലങ്ങുതടിയായത്. 

യൂറോപ്പിലുള്ള ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് സേവനം തുടര്‍ന്നും ഉപയോഗിക്കുന്നതിന് പോളിസി അപ്‌ഡേറ്റിന് സമ്മതം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് വാട്‌സാപ്പ് പറയുന്നത്. അതായത്, എല്ലാവരും നിര്‍ബന്ധപൂര്‍വം സമ്മതം നല്‍കിയിരിക്കണമെന്നും അല്ലാത്തപക്ഷം സേവനം നിര്‍ത്തി പോവണം എന്നും ആവശ്യപ്പെടുന്ന ഒരു പോളിസി അപ്‌ഡേറ്റില്‍ യൂറോപ്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രം കമ്പനി ഇളവ് നല്‍കിയിരിക്കുന്നു. കാരണം ഒന്നേയുള്ളൂ- ജി.ഡി.പി.ആര്‍. 

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി നിര്‍മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ശക്തമായ വിവര സംരക്ഷണ നിയമ സംവിധാനമാണ്  ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ അഥവാ ജി.ഡി.പി.ആര്‍. 

സമാനമെന്ന് പറയപ്പെടുന്ന പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ ഇന്ത്യയില്‍ ഇതുവരെ നിയമമായി മാറിയിട്ടില്ല. പരിഗണനയിലുള്ള നിയമത്തിന് ആധുനിക ഇന്റര്‍നെറ്റ് നിയമലംഘനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയോ വ്യക്തതയോ ഇല്ലെന്നാണ്‌ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഇരകളാവുക ഇന്ത്യക്കാര്‍ 

വാട്‌സാപ്പിന്റെ പോളിസി മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ ഉപയോക്താക്കളെയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വാട്‌സാപ്പില്‍നിന്നു ഫെയ്‌സ്ബുക്കിന് കൈമാറുമെന്ന് പറയുന്ന വ്യക്തിവിവരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍നിന്നായിരിക്കും. 

വാട്‌സാപ്പിന്റെ ഏറ്റവും വലിയ രണ്ട് വിപണികളിലൊന്നാണ് ഇന്ത്യ. ബ്രസീലാണ്‌ അടുത്തത്. എങ്കിലും ബ്രസീലിനേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. 2019-ലെ കണക്കുകള്‍ അനുസരിച്ച് വാട്‌സാപ്പിന്റെ ആഗോള പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. 

ഉപഭോക്തൃ സംസ്‌കാരം ഏറ്റവും ശക്തമായ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ചോര്‍ന്നുപോവുന്ന വ്യക്തിവിവരങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അവസ്ഥകളെ സ്വാധീനിക്കാന്‍ മാത്രം ശക്തിയുണ്ട് ഓരോരുത്തരില്‍നിന്നും ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ക്ക്. 

WHATSAPPഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങളും വ്യവസായങ്ങളും ശക്തമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഉപഭോക്തൃ ഡാറ്റയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ജി.ഡി.പി.ആര്‍. പോലൊരു നിയമത്തിന് വേണ്ടിയുള്ള മുറവിളി ഏറെ കാലമായി ഉയരുന്നുണ്ടെങ്കിലും ആ രംഗത്ത് ശക്തമായൊരു കാല്‍വെപ്പിന് തയ്യാറാവാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. മറുവശത്ത് വിവരാധിഷ്ടിത വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉദാരമായി രാജ്യാതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശനം നല്‍കുന്നുമുണ്ട്. 

ടിക് ടോക്ക് പോലുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കുമേല്‍ നടപടി സ്വീകരിച്ചത് പോലെ ഒറ്റപ്പെട്ട ചില നടപടികള്‍ മാത്രമാണ് ഉണ്ടാവുന്നത്. അതു ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ലാണ്അടിസ്ഥാനമാക്കി. ഇന്ത്യയിലെ ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നിയമസംവിധാനം ഇന്ത്യയിലില്ല. 

വാട്‌സാപ്പിന്റെ പുതിയ നീക്കം ആശങ്കയ്ക്കിടയാക്കുന്നു

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വാട്‌സാപ്പില്‍നിന്നു പുറത്തേക്ക് അയക്കുമെന്ന് നിര്‍ബന്ധപൂര്‍വം സമ്മതിപ്പിക്കുന്ന ഒരു പോളിസി അപ്‌ഡേറ്റ് വ്യക്തമായ പൗരാവകാശ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിഷയം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഒരു കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്നുമുണ്ട്. എങ്കിലും, ഇന്റര്‍നെറ്റ് അധിഷ്ടിത അവകാശ, നിയമലംഘനങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Content Highlights: whatsapp new policy not affect european users incia concerns