നൂറ് രാജ്യങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കംപ്യൂട്ടറുകളിലെ സുരക്ഷാ പിഴവുകള്‍ മുതലെടുത്ത് കടന്നുകയറുന്ന മാല്‍വെയറുകളില്‍ നിന്ന് മോചനം ലഭിക്കാന്‍ ഹാക്കര്‍മാര്‍ക്ക് പണം നല്‍കേണ്ട അവസ്ഥയിലാണ് പല രാജ്യങ്ങളും. ആക്രമണത്തില്‍ നിന്ന് മോചനം നേടാന്‍ തീവ്രശ്രമം നടക്കുന്നുണ്ടെങ്കിലും ഇതിന്റെ പുരോഗതി എത്രമാത്രമെന്ന് അറിവായിട്ടില്ല.
റാന്‍സംവെയര്‍ ( Ransomware ) എന്നറിയപ്പെടുന്ന മാല്‍വെയറുകളാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. WannaCry എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റാന്‍സംവെയറിന്റെ പേര്. നിലവില്‍ ഈ മാല്‍വെയര്‍ ഇന്ത്യയെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എടുക്കാന്‍ ഐടി വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
കംപ്യൂട്ടറുകളില്‍ പ്രവേശിച്ച് ഉടമയ്ക്ക് പ്രവേശനം നിഷേധിക്കുകയോ നിയന്ത്രണമേര്‍പ്പെടുത്തുകയോ ആണ് റാന്‍സംവെയറുകള്‍ ചെയ്യുക. പ്രവേശനം തിരികെ ലഭിക്കുന്നതിന് ഉപയോക്താക്കളില്‍ നിന്നും പണം ആവശ്യപ്പെടുന്നതിനാലാണ് ഇവയെ റാന്‍സംവെയര്‍ ( Ransom - മോചനദ്രവ്യം ) എന്നു വിളിക്കാന്‍ കാരണം.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആക്രമണത്തില്‍ 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന് ( Bitcoin ) വഴിയാണ് പണം ആവശ്യപ്പെടുന്നത് എന്നതിനാല്‍, പണം നല്കിയാലും ഇവരെ പിന്നീട് കണ്ടെത്തുന്നതും ദുഷ്കരമാണ്.
മൈക്രോസോഫ്റ്റിന്റെ പിഴവുകള്‍ മുതലെടുക്കാനായി അമേരിക്കന്‍ ചാരസംഘടനായായ എന്‍എസ്എ ( National Security Agency -NSA ) വികസിപ്പിച്ച ടൂള്‍ ചോര്‍ത്തിയാണ് ഹാക്കര്‍മാര്‍ ഇപ്പോള്‍ ആക്രമണം നടത്തുന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മൈക്രോസോഫ്റ്റില്‍ മുമ്പേയുള്ള സുരക്ഷാ പിഴവ് ഹാക്കര്‍മാര്‍ മുതലെടുക്കുകയാണെന്നും അഭിപ്രായമുണ്ട്.
റാന്‍സംവെയറുകള്‍ വരുന്ന വഴി
റാന്‍സംവെയറുകള്‍ കംപ്യൂട്ടറുകളില്‍ പ്രവേശിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. സാധാരണ മാല്‍വെയറുകളെ പോലെ ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ വഴിയും മാല്‍വെയറുകള്‍ ബാധിച്ച വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് വഴിയോ വൈറസുകള്‍ കംപ്യൂട്ടറില്‍ പ്രവേശിക്കാം. ഇതുകൂടാതെ നെറ്റ്വര്‍ക്ക് വഴിയും കംപ്യൂട്ടറുകില് പ്രവേശിക്കാനാകുമെന്നത് റാന്‍സംവെയറിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. സുരക്ഷാ പാളിച്ചകള്‍ മുതലെടുത്താണ് ഇവ കംപ്യൂട്ടറില്‍ പ്രവേശിക്കുക.
റാന്‍സംവെയറുകള്‍ ചെയ്യുന്നത്
വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന റാന്‍സംവെയറുകള്‍ ഉണ്ടെങ്കിലും വിന്‍ഡോസിലേക്ക് പ്രവേശനം നിഷേധിക്കുക, ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുക, പ്രത്യേക ആപ്ലിക്കേഷനുകള്‍ നിഷ്ക്രിയമാക്കുക തുടങ്ങിയവയാണ് റാന്‍സംവെയറുകള്‍ പൊതുവേ ചെയ്യുക. ഇതോടെ കംപ്യൂട്ടറില്‍ പ്രവേശിക്കാനാകാതെ വരികയോ പ്രത്യേക ഫയലുകളോ ആപ്ലിക്കേഷനുകളോ തുറക്കാനാകാതെ വരികയോ ചെയ്യാം.
കംപ്യൂട്ടറുകളിലേക്ക് പ്രവേശനം നിഷേധിക്കുന്ന റാന്‍സംവെയറുകളെ ലോക്ക് സ്ക്രീന്‍ റാന്‍സംവെയര്‍ ( Lock Screen Ransomware ) എന്നാണ് വിളിക്കുന്നത്. ഇവ ബാധിച്ചാല്‍ കംപ്യൂട്ടര്‍ തുറക്കുമ്പോള്‍ തന്നെ പണമാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജാകും ഉപയോക്താക്കള്‍ കാണുക. ഫയലുകളെ ബാധിക്കുന്ന റാന്‍സംവെയറുകളാണ് എന്‍ക്രിപ്ഷന്‍ റാന്‍സംവെയറുകള്‍ ( Encryption Ransomware ).
പൊതു നെറ്റ്വര്ക്കുകള് മുതല്‍ പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ വരെ റാന്‍സംവെയറുകള്‍ ബാധിക്കാം.
മുന്‍കരുതലുകള്‍
തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയായതിനാല്‍ റാന്‍സംവെയറുകളെ പ്രതിരോധിക്കുക എന്നത് സൈബര്‍ലോകം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണെങ്കിലും ചില മുന്‍കരുതലുകള്‍ എടുക്കുന്നത് ഫലപ്രദമാണ്.
- ഓപ്പറേറ്റിങ് സിസ്റ്റവും ബ്രൗസറും പ്ലഗ്ഗിന്നുകളും ഉള്‍പ്പെടെയുള്ളവ സ്ഥിരമായി അപ്ഡേറ്റ് ചെയ്യുക
- ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ തുറക്കും മുമ്പ് അവ വിശ്വസനീയമാണെന്ന് ഉറപ്പാക്കുക, സംശയമുണ്ടെങ്കില്‍ തുറക്കാതിരിക്കുക
- ഏറ്റവും പുതിയ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക
- വെബ് ബ്രൗസറില്‍ പോപ്പ് അപ്പുകള്‍ ഒഴിവാക്കുക
- പ്രധാനപ്പെട്ട ഫയലുകള്‍ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുക
കടപ്പാട്: ശ്രീദീപ് സി.കെ. അലവില്‍ | മൈക്രോസോഫ്റ്റ് | അവാസ്റ്റ്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..