'ഓഫീസിലേക്ക് തിരക്കിട്ട് പോകുന്നതിനിടെയാണ് സഹപ്രവര്‍ത്തകന്റെ ബെര്‍ത്ത് ഡേ പാര്‍ട്ടിക്കുള്ള ചില സാധനങ്ങള്‍ വാങ്ങാമെന്ന് തലേന്ന് ഏറ്റിരുന്ന കാര്യം ഗോപന് ഓര്മ വന്നത്. ഉടന്‍ തന്നെ പോകുന്ന വഴിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കാര്‍ തിരിച്ചു. വേഗത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി. ആപ്പിലെ ക്യൂആര്‍ കോഡ് കവാടത്തില്‍ സ്കാന്‍ ചെയ്തതോടെ സ്റ്റോറിന്റെ വാതിലുകള്‍ താനേ തുറന്നു. അകത്തുകയറി ആവശ്യമുള്ള സാധനങ്ങള്‍ ക്യാരി ബാഗിലാക്കി പുറത്തിറങ്ങി. തിരികെ കാറില്‍ കയറുമ്പോഴേക്കും വാങ്ങിയ സാധനങ്ങളുടെ വിശദാംശങ്ങളോടെയുള്ള ബില്ലും അതിനുള്ള പണം ആപ്പ് വാലറ്റില്‍ നിന്നും ഈടാക്കിയതായും അറിയിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷനുമെത്തി. തിരക്കുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങാന്‍ ഗോപന് വേണ്ടിവന്നത് അഞ്ചു മിനിറ്റ് മാത്രം!'
സ്മാര്‍ട്ട് യുഗത്തില്‍ കഴിയുന്ന നമുക്ക് അത്രതന്നെ അത്ഭുതമൊന്നും തോന്നേണ്ട സംഭവമല്ല ഇത്. എന്നാല്‍, ഈ മനോഹര സങ്കല്പം ഉടനൊന്നും നമ്മുടെ രാജ്യത്തെത്തുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. അത്തരം ചിന്തകളെയൊക്കെ തകിടംമറിക്കുകയാണ് ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍. 'വാട്ട് എ സെയില്‍' (WAT A SALE) എന്ന പേരില്‍ രാജ്യത്തെ തന്നെ ആദ്യത്തെ സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഇവര്‍ കൊച്ചിയില്‍ ആരംഭിച്ചു കഴിഞ്ഞു.
വൈറ്റില ഗോള്‍ഡ് സൂക്ക് മാളില്‍ ആരംഭിച്ചിരിക്കുന്ന വാട്ട് എ സെയില്‍ സ്റ്റോറില്‍ സെയില്‍സ്മാനോ കാഷ്യറോ ഇല്ല. വാട്ട് എ സെയില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് സ്റ്റോറില്‍ പ്രവേശിച്ച് ആവശ്യമുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കാം. സാധനങ്ങള്‍ എടുക്കുമ്പോള്‍ ബില്‍ ചെയ്യപ്പെടുകയും തിരികെ വെച്ചാല്‍ അത് കുറയ്ക്കുകയും ചെയ്യും. ആവശ്യമുള്ളവ എടുത്തുകഴിഞ്ഞാല്‍ സ്റ്റോറിന് പുറത്തിറങ്ങാം. സാധനങ്ങളുടെ ലിസ്റ്റ് നല്‍കുകയോ ബില്ലടക്കാന്‍ ക്യൂ നിന്ന് മടുക്കുകയോ ഒന്നും വേണ്ട.
വാട്ട് എ സെയില്‍ ആപ്ലിക്കേഷനിലെ വാലറ്റിലേക്ക് പണം ട്രാസ്ഫര്‍ ചെയ്തോ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കിയോ ബില്‍ തുക അടയ്ക്കാം. ഇതിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ വാലറ്റിലേക്ക് പണം ട്രാസ്ഫര്‍ ചെയ്യുകയോ ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ് ഓപ്ഷന് നല്‍കുകയോ വേണം. സ്റ്റോറില്‍ നിന്ന് സാധനങ്ങളെടുത്ത് പുറത്തിറങ്ങി അഞ്ചു മിനിറ്റിനകം തന്നെ വാങ്ങിയ സാധനങ്ങളുടെ വിശദമായ ബില്ലും ആപ്പില്‍ നിന്ന് ലഭിക്കും.
പേടിക്കേണ്ട, ആളുമാറില്ല!
സ്റ്റോറിലെത്തുന്ന ഉപഭോക്താവിനെ കംപ്യൂട്ടര്‍ വിഷനിലൂടെ തിരിച്ചറിഞ്ഞാണ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത്. ഇതിനാവശ്യമായ ക്യാമറകളും സെന്‍സറുകളും സ്റ്റോറിലുണ്ട്. എന്‍ട്രി ഗേറ്റില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ തന്നെ സ്റ്റോര്‍ ഉപഭോക്താവിനെ സ്കാന്‍ ചെയ്തിരിക്കും. ധരിച്ചിരിക്കുന്ന വസ്ത്രം, രൂപം, തൊലിയുടെ നിറം, ധരിച്ചിരിക്കുന്ന വാച്ച്, ഷൂ പോലുള്ള മറ്റ് ആക്സസറികള്‍ തുടങ്ങിയവയിലൂടെ ഉപഭോക്താനെ തിരിച്ചറിയുന്ന മള്‍ട്ടിപ്പിള്‍ ക്ലാസിഫിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ (വ്യക്തിയുടെ മുഖം സ്കാന്‍ ചെയ്ത് ആളെ മനസ്സിലാക്കുന്ന രീതി) പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് വാട്ട് എ സെയില്‍ സ്ഥാപകരിലൊരാളായ റിച്ചു ജോസ് പറയുന്നു.
'കംപ്യൂട്ടര്‍ വിഷനിലൂടെ ഓരോ ഉപയോക്താവിനെയും വ്യക്തമായി തിരിച്ചറിയുന്നതിലാണ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിന്റെ അടിസ്ഥാനം. ഓരോരുത്തരെയും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതുകൊണ്ട് തന്നെ അടുത്തടുത്ത് നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബില്ലിങ് മാറിപ്പോകുമോ എന്ന സംശയത്തിന്റെയൊന്നും ആവശ്യമില്ല. ഒന്നിലേറെ പേര് ഒന്നിച്ച് വരികയാണെങ്കില്‍ ഒരേ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പല തവണയായി ഓരോരുത്തര്‍ക്കും പ്രവേശിക്കാം. ഇവര്‍ക്കെല്ലാം അതേ ക്യൂആര്‍ കോഡ് ഉപയോഗിക്കുന്ന ആപ്പിലാകും ബില്‍ ചെയ്യുക. അതിനാല്‍ കുടുംബമായി ഷോപ്പിങിന് വരാനും മടിക്കേണ്ടതില്ല' -റിച്ചു ജോസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ (Artificial Intelligence -AI) ഇത്തരമൊരു സംരംഭം സാധ്യമാണെന്നതും റീട്ടെയില്‍ മേഖലയില്‍ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവുമാണ് തങ്ങളെ ഈ മേലയിലെത്തിച്ചതെന്ന് വാട്ട് എ സെയില്‍ അംഗങ്ങള്‍ പറയുന്നു. ടെക്നോളജി-റീട്ടെയില്‍ പ്രൊഫഷണല്‍സായ സുഭാഷ്.എസ്, ദിലീപ് ജേക്കബ്, റിച്ചു ജോസ്, വിന്‍സി മാത്യു, ഷനൂപ് ശിവദാസ്, രാജേഷ് എന്നിവരാണ് ഈ സംരംഭത്തിനു പിന്നില്‍.